തൃശൂർ മെഡിക്കൽ കോളേജിനു അപൂർവ്വ നേട്ടം..!!

 യുവാവിന്റെ ഇടുപ്പെല്ല് സംരക്ഷിക്കാൻ 12 മണിക്കൂറിലേറെ നീണ്ട സങ്കീർണ ശസ്തക്രിയ..

തൃശൂർ മെഡിക്കൽ കോളേജിനു അപൂർവ്വ നേട്ടം..!!


❗മുളകുന്നത്ത്കാവ്❗

ഇരുപത്തെട്ടുകാരനായ യുവാവിൽ ഇരു ഇടുപ്പുകളിലേക്കും രക്തയോട്ടക്കുറവ് മൂലമുള്ള അസ്ഥിനാശം ചികിത്സിക്കുന്നതിനായി തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അപൂർവ്വ ശസ്ത്രക്രിയ വിജയകരമായി നടത്തി.മണ്ണുത്തി സ്വദേശിയായ യുവാവിന്റെ വലത് ഇടുപ്പിൽ രോഗത്തിന്റെ മൂന്നാം ഘട്ടവും ഇടത് ഇടുപ്പിൽ രണ്ടാം ഘട്ടവുമായിരുന്നു. യുവാവായതിനാൽ ഇടുപ്പ് സന്ധി സംരക്ഷിച്ച് ഭാവിയിൽ ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഒഴിവാക്കുകയോ വൈകിപ്പിക്കുകയോ ലക്ഷ്യമിട്ട് ഇടത് ഇടുപ്പിലാണ് അസ്ഥിയിലെ മർദ്ദം കുറയ്ക്കുന്ന ശസ്ത്രക്രിയയും രക്തക്കുഴലോടുകൂടിയ അസ്ഥിമാറ്റിവയ്ക്കലും നടത്തിയത്.


12 മണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിൽ, പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ പ്രൊഫ. കലേഷ്, ഡോ. റോഷ്ജോ, ഡോ. സുനീഷ് എന്നിവരും അസ്ഥിരോഗ വിഭാഗത്തിലെ പ്രൊഫ.എം കെ മനോജ്, ഡോ. ദിനീപ്, ഡോ. പ്രിജിത്ത്, ഡോ. അമൽ ജോസ് എന്നിവരടങ്ങിയ സംഘവും അനസ്തീഷ്യ വിഭാഗത്തിലെ പ്രൊഫ. അമ്മിണിക്കുട്ടി, ഡോ. ട്വിങ്കിൾ, സിസ്റ്റർമാരായ രമ്യ, മഞ്ജുഷ, നിഷ എന്നിവരും സംയുക്തമായി പ്രവർത്തിച്ചു.



രോഗിയുടെ കാലിൽ നിന്ന് രക്തക്കുഴലോടുകൂടിയ അസ്ഥിയുടെ ഒരു ഭാഗം എടുത്ത് ഇടുപ്പിലെ രോഗം ബാധിച്ച അസ്ഥിയിൽ സ്ഥാപിക്കുകയും സൂക്ഷ്മ രക്തക്കുഴൽ ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനഃസ്ഥാപിക്കുകയും ചെയ്തു.



 ഈ ശസ്ത്രക്രിയ നമ്മുടെ രാജ്യത്ത് സ്വകാര്യ-കോർപ്പറേറ്റ് ആശുപത്രികളിൽ പോലും അപൂർവമായി മാത്രമേ ചെയ്യാറുള്ളൂ. ഇത് തൃശൂർ ഗവ. മെഡിക്കൽ കോളേജിന്റെ ശ്രദ്ധേയമായ നേട്ടമാണ്.