പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവ സാന്ത്വന സ്പർശം അവാർഡ് റവ ഫാ.ഡേവിസ് ചിറമേലിന്.
പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവയുടെ ഓർമ്മയ്ക്കായി കുന്നംകുളം ഓർത്തഡോക്സ് പ്രവാസി അസോസിയേഷൻ നൽകുന്ന അഞ്ചാമത് സാന്ത്വന സ്പർശം അവാർഡിന് പ്രശസ്ത സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനുമായ റവ ഫാ ഡേവിസ് ചിറമേൽ അർഹനായി. സഹജീവികളുടെ കണ്ണുനീരിനെ തുടക്കുവാനും അവരെ ചേർത്ത് പിടിക്കുവാനും സമൂഹനന്മയ്ക്കായി പ്രവർത്തിക്കുവാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുവാനും അദ്ദേഹം കാണിക്കുന്ന പ്രവർത്തനങ്ങൾ
സമാനതകളില്ലാത്തതാണന്ന് അസോസിയേഷൻ വിലയിരുത്തി. യുവാക്കളെയും വിദ്യാർത്ഥികളെയും കാർന്നുതിന്നുന്ന ലഹരിക്കെതിരെയും ആത്മഹത്യയ്ക്കെതിരെയും അനേക ബോധവൽക്കരണ പരിപാടികൾ അദ്ദേഹം നേതൃത്വം നൽകുന്നു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനായി പ്രവർത്തിക്കുന്ന അദ്ദേഹം സ്വന്തം കിഡ്നി ദാനം ചെയ്ത് മാതൃകയായി. അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം ഇന്ത്യയെ മാത്രമല്ല മറ്റു രാജ്യങ്ങളിലും ഇതിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. യുഎഇ ഗവൺമെന്റിന്റെ അവയവദാന വിഭാഗമായ ഹയാത്തിന്റെ അംബാസിഡറായി പ്രവർത്തിക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.
സാമൂഹ്യ പ്രതിബദ്ധതയോടെ അദ്ദേഹം സമൂഹത്തിൽ നടത്തുന്ന ഇടപെടലുകളും പ്രവർത്തനങ്ങളും അനുകരണീയവും, മാതൃകാപരവും അഭിനന്ദനാർഹവുമാണന്ന് അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു. 50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് ജൂലൈ 20 തിങ്കൾ രാവിലെ 11 മണിക്ക് കുന്നംകുളം അയ്യംപറമ്പ് ബേഥെൽ കുന്നിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ച് പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ റവ ഫാ ഡേവിസ് ചിറമേലിന് സമ്മാനിക്കും.സമ്മേളനം കേരള ഗതാഗത മന്ത്രി സി. പി. ജോൺ ഉൽഘാടനം നിർവഹിക്കും. ചടങ്ങിൽ കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ ഗീവർഗീസ് മാർ യൂലിയോസ്, കുന്നംകുളം എംഎൽഎ എ. സി മൊയ്തീൻ, മറിയം ഉമ്മൻ, ഭദ്രാസന സെക്രട്ടറി ഫാ സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സംബന്ധിക്കും.
കഴിഞ്ഞവർഷത്തെ അവാർഡ് പ്രശസ്ത മജീഷിനും സാമൂഹിക പ്രവർത്തകനുമായ ശ്രീ ഗോപിനാഥ് മുതുകാടിന് ആയിരുന്നു ലഭിച്ചത്.
