പഴുവിലിൽ തെരുവുനായ ആക്രമണം; 6 പേർക്ക് കടിയേറ്റു,

 പഴുവിലിൽ  തെരുവുനായ ആക്രമണം; 6 പേർക്ക്  കടിയേറ്റു, 


❗പെരിങ്ങോട്ടുകര: ❗


 പഴുവിൽ വെസ്റ്റിലും സമീപ പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ ആറ് പേർക്ക് പരിക്ക്. മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതായി പറയുന്നത്. ഈ നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ പഴുവിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം കിഴക്കേനട റോഡിൽ  വിജയ എന്ന സ്ത്രീയെയാണ് നായ ആദ്യം കടിച്ചത്. കയ്യിലും തുടയിലും കടിയേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

  എസ് എൻ റോഡിൽ തൊഴിലുറപ്പ് ജോലിക്ക് പോയിരുന്ന സ്ത്രീകൾക്ക് നേരെ പാഞ്ഞടുത്ത നായ അമ്മിണി എന്ന സ്ത്രീയുടെ ശരീരത്തിൽ കടിച്ചു. കൂടെയുള്ളവർ ബഹളം വച്ച് കയ്യിലുള്ള സാധനങ്ങൾ കൊണ്ട് നായയെ ഒരു വിധത്തിലാണ് തുരത്തിയത്. 

പേരക്കുട്ടിയെ സ്‌കൂളിലാക്കി തിരിച്ചു മടങ്ങിയ ഉഷ എന്ന സ്ത്രീയെയും നായ വഴിയിൽ ആക്രമിച്ചു. ഉഷയെയും അമ്മിണിയേയും തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനു മുന്നിൽ വച്ച് ദിവാകരൻ എന്നയാൾക്കും നായയുടെ കടിയേറ്റു. പെരിങ്ങോട്ടുകരയിൽ രണ്ട് പേർക്കും നായയുടെ കടിയേറ്റു. ഒട്ടേറെ വളർത്തു മൃഗങ്ങളേയും നായ കടിച്ചു പരിക്കേൽപ്പിച്ചു.

പഴുവിൽ മൃഗാശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം കടിയേറ്റ വളർത്തു മൃഗങ്ങൾക്ക്  പേ വിഷബാധയ്ക്കുള്ള വാക്സിൻ നൽകി. ഒരു ദിവസം മുഴുവൻ നാട്ടുകാരെ ഭീതിയിലാക്കിയ നായയെ പിടികൂടാൻ അനിമൽ സ്ക്വാഡ് പ്രവർത്തകരും നാട്ടുകാരും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.പിന്നീട് പെരിങ്ങോട്ടുകര സോമശേഖര നഗറിന് സമീപം  നായയെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിന് ശേഷമേ നായക്ക് പേവിഷബാധയുണ്ടോയെന്ന് വ്യക്തമാകു.