അമലനഗർ : അമലനഗർ സെൻ്റ് ജോസഫ് ഇടവക ദൈവാലയത്തിൽ തിരുനാളിന് കൊടിയേറി , 2026 മെയ് 02, 03, 04 തിയ്യതികളിലാണ് ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റെയും പരി. അമ്മയുടെയും വി. സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാൾ ആഘോഷം . ഇടവക വികാരി ഫാ ഫിനോഷ് കീറ്റിക്ക കൊടിയേറ്റ കർമ്മം നിർവഹിച്ചു.
തുടർന്ന് തിരുനാൾ ദിനം വരെ എല്ലാ ദിവസവും വിവിധ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ നവനാൾ തിരുക്കർമ്മങ്ങൾ ഉണ്ടായിരിക്കും . മെയ് 1ന് വൈകിട്ട് 5.30ന് നവനാൾ കുർബാനക്കും തിരുക്കർമ്മങ്ങൾക്കും ശേഷം പറപ്പൂർ ഫൊറോനാ വികാരി, റവ. ഫാ. പോൾ തേക്കാനത്ത് ദീപ അലങ്കാര സ്വിച്ച് ഓൺ കർമ്മം നിർവഹിക്കും . മെയ് 2 ശനിയാഴ്ച രാവിലെ, അമല മെഡിക്കൽ കോളേജ് ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ സി. എം. ഐ. യുടെ മുഖ്യ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന ആഘോഷമായ പാട്ടു കുർബാനക്കു ശേഷം തിരുനാൾ പ്രസുദേന്തി വാഴ്ചയും തിരുസ്വരൂപങ്ങളുടെ പൊതു വണക്കത്തിനായുള്ള എഴുന്നള്ളിപ്പും നടക്കും. തുടർന്ന് കുടുംബ യൂണിറ്റുകളിലേക്കുള്ള അമ്പ്, വള, ലില്ലിപൂവ് എന്നിവ കൊടുത്തു വിടും രാത്രി 11 ന് ദൈവാലയത്തിൽ സമാപിക്കും. മെയ് 3 തിരുനാൾ ദിനത്തിൽ രാവിലെ 6 ന് നടക്കുന്ന ദിവ്യബലിക്ക് ശേഷം വിശുദ്ധൻ്റെ നസ്രത്തിൽനിന്നുളള തിരുശേഷിപ്പ് പൊതു വണക്കത്തിനായി പ്രതിഷ്ഠിക്കും. രാവിലെ 09 മണിക്കുളള ആഘോഷമായ തിരുനാൾ പാട്ടു കുർബാനക്കു ഒളരിക്കര പള്ളി വികാരി, റവ. ഫാ. വിൽസൺ പിടിയത്ത് മുഖ്യ കാർമികത്വം വഹിക്കും. തൃശൂർ മേരിമാത മേജർ സെമിനാരി പ്രൊഫസർ, റവ. ഫാ. ടൈസൺ മണ്ടുംപാൽ തിരുനാൾ സന്ദേശം നൽകും. ചെന്നൈ ഹോളിക്രോസ് ഫൊറോനാ ചർച്ച് വികാരി റവ. ഫാ. സിജു പുളിക്കൻ സഹ കാർമികൻ ആകും . വൈകിട്ട് 5 മണിക്ക് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം വൈകിട്ട് 7 മണിയോടെ ദൈവാലയത്തിൽ സമാപിക്കും . തുടർന്ന് ഇടവക കെ സി വൈ എം ഒരുക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന 'വർണ്ണ മഴ'യും, 'അച്ചനും പിള്ളേരും' ബാൻഡുമേളവും ഉണ്ടായിരിക്കും. മെയ് 4 തിങ്കളാഴ്ച രാവിലെ 6 ന് ഇടവകയിൽ നിന്നും മരിച്ചു പോയവർക്കു വേണ്ടി അർപ്പിക്കപ്പെടുന്ന വി. കുർബ്ബാനയും ഒപ്പീസും തുടർന്ന് വാഹനം വെഞ്ചരിപ്പും നടത്തപ്പെടും. മെയ് 10 ഞായറാഴ്ച തിരുനാൾ എട്ടാമിടത്തോട് അനുബന്ധിച്ച് രാവിലെ 6 മണിക്കും 9 മണിക്കും വി. കുർബാന ഉണ്ടായിരിക്കും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് കുടുംബ കൂട്ടായ്മ വാർഷിക പൊതുസമ്മേളനവും കലാപരിപാടികളും ഉണ്ടായിരിക്കും. വികാരി ഫാ ഫിനോഷ് കീറ്റിയ്ക്ക, ജനറൽ കൺവീനർ ജോണി ആലപ്പാട്ട്, കൈക്കാരന്മാരായ അറക്കത്തറ വിൽസൺ, മാളിയേക്കൽ ഷാരോൺ, ചുങ്കത്ത് ലിസൻ എന്നിവർ നേതൃത്വം നൽകുന്നു .
