കുന്നംകുളം :
അമൃത് പദ്ധതിയുടെ ഭാഗമായി കുന്നംകുളം നഗരസഭയിൽ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ ഒരു ഘട്ടം പൂർത്തിയാകുന്നു. വെള്ളിയാങ്കല്ലിൽ നിന്നും തൃത്താല പമ്പ് ഹൗസിലേക്ക് വെള്ളം കൊണ്ടുവന്ന് അവിടെയുള്ള ശുദ്ധീകരണശാലയിലൂടെ കുന്നംകുളത്തേക്ക് കുടിവെള്ളമെത്തിക്കുന്നതിനുള്ള പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ പ്രവർത്തികൾക്കും കൂടി 40 കോടിയിലേറെ ചെലവഴിച്ചു. അമൃത് പദ്ധതി പ്രകാരം ലഭിച്ച പദ്ധതിയിൽ തൃത്താല ശുദ്ധീകരണ പ്ലാന്റിനു 20 കോടി രൂപ നൽകി നഗരസഭയിലെ പല വാർഡുകളിലായി പൈപ്പുകൾ വിന്യസിപ്പിച്ചു. പത്തുലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള പുതിയ ടാങ്ക് കുറുക്കൻ പാറയിൽ നിർമ്മാണം പൂർത്തിയാക്കി വരുന്നു. സമൃദ്ധി പദ്ധതിയിൽ 2 തവണകളായി അനുവദിച്ച തുക ഉപയോഗിച്ച് പൈപ്പുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ പൈപ്പുകൾ ഇടുന്നുണ്ട്. സംസ്ഥാന ഗവൺമെന്റ് പദ്ധതിയിൽ ലഭിച്ച 5 കോടി രൂപ ഉപയോഗിച്ച് പഴയ കുന്നംകുളം നഗരസഭയിലെ പഴക്കം ചെന്ന പൈപ്പുകൾ നീക്കംചെയ്ത് പുതിയ പൈപ്പുകൾ സ്ഥാപിക്കും.
വൈ എം സി എ ടാങ്ക് തൃശ്ശൂർ റോഡിലെ രണ്ട് ടാങ്കുകൾ പുതിയതായി പണികഴിപ്പിക്കുന്ന കുറുക്കൻ പാറയിലെ ടാങ്ക് എന്നിവയിലൂടെ കുടിവെള്ളം പരമാവധി സ്ഥലങ്ങളിലേക്ക് എത്തിക്കും.മൂന്നുമാസത്തിനുള്ളിൽ കുറുക്കൻപാറ ടാങ്കിന്റെ പണിപൂർത്തിയാക്കും.പാറേമ്പാടത്ത് നിന്ന് അയ്യപ്പത്ത് റോഡ് വഴി അടപ്പൂട്ടിയിലേക്ക് പൈപ്പ് ലൈൻ എത്തിച്ചു കൊണ്ട് പുതിയ ടാങ്ക് നിർമ്മിക്കുക എന്നതാണ് അടുത്ത പദ്ധതിയായി ആവിഷ്കരിക്കുന്നതെന്ന് ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പി ജി ജയപ്രകാശ് എന്നിവർ അറിയിച്ചു.
