കുന്നംകുളം :
കാളി ദാരിക യുദ്ധ കഥയ്ക്ക് ദൃശ്യാവിഷ്‌കാരം നൽകുന്നതിലൂടെ പ്രസിദ്ധമായ കാട്ടകാമ്പാൽ പൂരം വർണാഭമായി.
പൂര ദിവസമായ തിങ്കളാഴ്ച ക്ഷേത്രത്തിൽ വിശേഷപൂജകൾക്ക് ശേഷം ഭഗവതിയെ വലിയമ്പലത്തിലേക്ക് എഴുന്നള്ളിച്ച് വെച്ചു. യുദ്ധത്തിന് തടസം നേരിടാതിരിക്കാൻ ഗണപതിക്കിടൽ ചടങ്ങും നടത്തി. ഉച്ചയ്ക്ക് കലാമണ്ഡലം കൂട്ടിനാരായണന്റെ പ്രമാണിത്വത്തിൽ ആൽത്തറമേളം അരങ്ങേറി. തുടർന്ന് തട്ടകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആനയും വാദ്യമേളങ്ങളുമായി എഴുന്നള്ളിപ്പുകൾ ആരംഭിച്ച് ക്ഷേത്രമൈതാനിയിലെത്തി അണിനിരുന്നു. പാണ്ടിമേളം തുടങ്ങുന്നതിനിടെ , കാളി ദാരികർ ക്ഷേത്രത്തിലെത്തി. തേരിലേറി ക്ഷേത്രത്തിലേക്ക് ആനപ്പടയ്‌ക്കൊപ്പം പടനയിച്ച കാളിയും ദാരികനും മതിലകത്ത് വാക്‌പോര് നടത്തി. പേടിച്ചോടുന്ന ദാരികൻ മായയിൽ മറയുന്ന സങ്കൽപത്തോടെ പകൽപ്പൂരം സമാപിച്ചു. ഭരണസമിതി പ്രസിഡന്റ് കെ.ബി.സുദീപ്, സെക്രട്ടറി സഞ്ജയ് രാധാകൃഷ്ണൻ, ട്രഷറർ ജയപ്രകാശ് എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകി.
കാട്ടകാമ്പാൽ പൂരത്തിന് തട്ടകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ആനയും വാദ്യമേളങ്ങളുമായുള്ള എഴുന്നള്ളിപ്പുകൾ ക്ഷേത്രമൈതാനിയിലെത്തി അണിനിരുന്നപ്പോൾ.

