കടങ്ങോട് ഗ്രാമ പഞ്ചായത്ത് വർണ്ണോത്സവം അങ്കണവാടി കലോൽസവം സംഘടിപ്പിച്ചു.
കടങ്ങോട് ഗ്രാമ പഞ്ചായത്ത് വർണ്ണോത്സവം അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്തിലെ 30 അങ്കണവാടിയിൽ നിന്നുള്ള കുഞ്ഞുങ്ങളുടെ മാനസിക ഉല്ലാസവും കലാപരമായ കഴിവുകളും പ്രകടിപ്പിക്കാൻ വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കലോത്സവം സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മീന സാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നംകുളം എംഎൽഎ എ സി മൊയ്തീൻ കലോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പാട്ട്, നൃത്തം, ആക്ഷൻ സോങ്ങ്, കർഷക നൃത്തം, കുട്ടികളുടെ ഫാഷൻ ഷോ, ഫാൻസി ഡ്രസ്, അങ്കണവാടി വർക്കർമാർ അവതരിപ്പിച്ച തിരുവാതിരക്കളി എന്നീ പരിപാടികൾ കൊണ്ട് കലോത്സവം ശ്രദ്ധേയമായി. കലോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ ലളിത ഗോപി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എസ് പുരുഷോത്തമൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബീന രമേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി പി ലോറൻസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കെ മണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ടെസ്സി ഫ്രാൻസിസ്, മൈമുന ഷെബീർ, രമ്യ ഷാജി എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ എം വി ലീജ സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മായാദേവി നന്ദിയും പറഞ്ഞു.