വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് സമീപം തീവണ്ടിയിൽനിന്നും വീണ് ആന്ധ്രാപ്രദേശ് സ്വദേശിനി മരിച്ചു.
മംഗലാപുരം - തിരുവനന്തപുരം എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന ആന്ധ്രപ്രദേശിലെ ചിറ്റൂർ നെല്ലൂർ സ്വദേശിനി 45 വയസുള്ള വജ്രാല പർവീൺ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി 9:10 ഓടെ വടക്കാഞ്ചേരി പഴയ റെയിൽവേ ക്രോസിന് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. തീവണ്ടിയിൽ നിന്നും തെറിച്ചുവീണ വജ്രാല പർവീണിന്റെ ശരീരത്തിലൂടെ ട്രെയിൻ കയറുകയായിരുന്നു. ചിറ്റൂർ ഇന്ദിരാനഗർ കോളനിയിലെ റെഡ്ഡി ബാബുവിന്റെ ഭാര്യയാണ് മരിച്ച പർവീൺ. അപകടസമയത്ത് ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു സ്ത്രീ വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.
