കുറ്റൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് വടക്കാഞ്ചേരി മിണാലൂർ സ്വദേശിയായ പ്രവാസി യുവാവിന് ദാരുണാന്ത്യം
❗ കുറ്റൂർ ❗
സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവെ തൃശൂർ കുറ്റൂരിൽ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് വടക്കാഞ്ചേരി മിണാലൂർ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. മിണാലൂർ ബൈപ്പാസിൽ താമസിക്കുന്ന പാറേങ്ങാട്ടിൽ പ്രദീപ് - ഇന്ദിര ദമ്പതികളുടെ മകൻ 29 കാരനായ ശരത്താണ് അപകടത്തിൽ ജീവൻ വെടിഞ്ഞത്.
കൊട്ടേക്കാട് പള്ളിപ്പെരുന്നാളിന്റെ ഭാഗമായി സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ശരത്. രാത്രി 10 മണിയോടെ തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിൽ കുറ്റൂർ മിനി പാർക്കിന് സമീപത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്കിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാട്ടുകാർ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ് മരണമടഞ്ഞ ശരത്.
