ചിറ്റണ്ട ജ്ഞാനോദയം യു.പി. സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ പലഹാരമേള ശ്രദ്ധേയമായി
ചിറ്റണ്ട:ജ്ഞാനോദയം യു.പി. സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾ പഠനപ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പലഹാരമേള വൈവിധ്യമാർന്ന വിഭവങ്ങളുടെ സംഗമമായി. പാഠപുസ്തകത്തിലെ ‘പിന്നെയും പിന്നെയും ചെറുതായി പാലപ്പം’ എന്ന പാഠഭാഗവുമായി ബന്ധപ്പെടുത്തിയാണ് മേള സംഘടിപ്പിച്ചത്.
ആവിയിൽ വേവിച്ചവ, ചുട്ടെടുത്തവ, ഉപ്പിലിട്ടവ, എണ്ണയിൽ വറുത്തെടുത്തവ, മധുരപലഹാരങ്ങൾ, എരിവുള്ള വിഭവങ്ങൾ, വിവിധതരം പായസങ്ങൾ, പാനീയങ്ങൾ തുടങ്ങി നിരവധി വിഭവങ്ങൾ മേളയിൽ ഇടംപിടിച്ചു. വിവിധ പലഹാരങ്ങളുടെ രുചി, നിറം, പ്രത്യേകത, തയ്യാറാക്കുന്ന രീതി എന്നിവ നേരിട്ട് കണ്ടും പരിചയപ്പെട്ടും തിരിച്ചറിഞ്ഞും പഠിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചു.
ഒന്നാം ക്ലാസിലെ മുഴുവൻ കുട്ടികളും മനോഹരമായ ഏപ്രണും തൊപ്പിയും ധരിച്ച് മേളയിൽ സജീവമായി പങ്കെടുത്തു. കുട്ടികളുടെ പങ്കാളിത്തവും വിഭവങ്ങളുടെ വൈവിധ്യവും കൊണ്ട് മേള ഏറെ ആകർഷകമായി.
ഹെഡ്മിസ്ട്രസ് ശ്രീമതി സി. എ. ലൂസി ടീച്ചർ മേള ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ അധ്യാപകരും മേള സന്ദർശിച്ച് കുട്ടികൾക്ക് പ്രോത്സാഹനമേകി.
ഒന്നാം ക്ലാസ് അധ്യാപകരായ ലിജിത ടീച്ചറുടെയും ആൽവിയ ടീച്ചറുടെയും നേതൃത്വത്തിലും നിർദേശങ്ങളിലുമാണ് പരിപാടി ഒരുക്കിയത്. രക്ഷിതാക്കളുടെ പൂർണ സഹകരണവും പരിപാടിയുടെ വിജയത്തിന് കരുത്തേകി. അധ്യാപകരുടെ കൃത്യമായ ആസൂത്രണവും രക്ഷിതാക്കളുടെ കൂട്ടായ പ്രവർത്തനവും കുട്ടികളുടെ ആവേശകരമായ പങ്കാളിത്തവും ചേർന്നപ്പോൾ പഠനവും അനുഭവവും ആസ്വാദനവും ഒത്തുചേർന്ന വേറിട്ടൊരു പഠനോത്സവമായി പലഹാരമേള മാറി.
