ഇന്ത്യയിലെ മുൻനിര സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി തൃശൂർ

 ഇന്ത്യയിലെ മുൻനിര സമ്പന്ന നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം സ്വന്തമാക്കി തൃശൂർ. 

   


  പ്രമുഖ ആഗോള ഗവേഷണ ഏജൻസിയായ ഹുറുൺ ഇന്ത്യ പുറത്തുവിട്ട ഏറ്റവും പുതിയ ധനിക പട്ടികയിലാണ് തൃശൂർ ഈ സുവർണ നേട്ടം കൈവരിച്ചത്. 1.73 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയോടെയാണ് ജില്ല ദേശീയ ശ്രദ്ധ നേടുന്നത്. സ്വർണാഭരണ വ്യാപാരം, ബാങ്കിങ് ഇതര ധനകാര്യം തുടങ്ങിയ മേഖലകളിലെ വമ്പൻ മുന്നേറ്റമാണ് നഗരത്തെ ഈ പദവിയിലേക്ക് ഉയർത്തിയത്. ഒരു ലക്ഷത്തി രണ്ടായിരത്തി ഇരുന്നൂറ് കോടി രൂപയുടെ ആസ്തിയോടെ ജോയ് ആലുക്കാസ് ഗ്രൂപ്പ് മേധാവി ജോയ് ആലുക്കാസാണ് പട്ടികയിൽ ജില്ലയിൽ നിന്ന് ഒന്നാമത് എത്തിയത്. ദേശീയതലത്തിൽ ഇരുപത്തിയൊന്നാം സ്ഥാനത്താണ് ഇദ്ദേഹം. നാല്പതിനായിരത്തി തൊള്ളായിരം കോടി രൂപയുടെ സമ്പത്തുമായി കല്യാൺ ജ്വല്ലേഴ്സ് ചെയർമാൻ ടി എസ് കല്യാണരാമനും കുടുംബവും ദേശീയതലത്തിൽ അറുപത്തിനാലാം സ്ഥാനം സ്വന്തമാക്കി. പതിനയ്യായിരത്തി തൊള്ളായിരം കോടി രൂപയുടെ ആസ്തിയോടെ മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടർ വി പി നന്ദകുമാറും, പതിനാലായിരം കോടിയുടെ ആസ്തിയോടെ ജോസ് ആലുക്കാസ് കുടുംബവും പട്ടികയിൽ പ്രമുഖ സ്ഥാനങ്ങളിലുണ്ട്. കൂടാതെ ആഗോളതലത്തിൽ ശ്രദ്ധേയരായ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, വി-ഗാർഡ് അമരക്കാരൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, ജ്യോതി ലാബ്സ് സാരഥി എം പി രാമചന്ദ്രൻ എന്നിവരുടെ ബിസിനസ് വേരുകളും തൃശൂരിന്റെ സാമ്പത്തിക കരുത്തിന് കൂടുതൽ തിളക്കമേകുന്നു.

🔻🔻🔻🔻🔻🔻🔻🔻🔻🔻🔻