തയ്യൂർ കോടാംപറമ്പിലെ ചളിപ്പാടങ്ങളെ ആവേശക്കടലാക്കി വിസ്മയക്കാഴ്ചയൊരുക്കി ചരിത്രപ്രസിദ്ധമായ പോത്തോട്ടം വീണ്ടും അരങ്ങേറി.

 ​"മണ്ണറിഞ്ഞു വിത്തിടണം, വിണ്ണറിഞ്ഞു വിളവെടുക്കണം" എന്ന നാട്ടുപ്രമാണത്തെ നെഞ്ചിലേറ്റി, കന്നിമണ്ണിൽ പൊന്നുവിളയിച്ച പൂർവികരുടെ കന്നുകാലി സ്നേഹത്തിന് അരനൂറ്റാണ്ടിനു ശേഷം വീണ്ടും പുതുജീവൻ! തയ്യൂർ കോടാംപറമ്പിലെ ചളിപ്പാടങ്ങളെ ആവേശക്കടലാക്കി വിസ്മയക്കാഴ്ചയൊരുക്കി ചരിത്രപ്രസിദ്ധമായ പോത്തോട്ടം വീണ്ടും അരങ്ങേറി.


​കൊയ്ത്തും മെതിയും പത്തായവും പഴങ്കഥയാവുകയും, നാട്ടുചന്തകളിൽ കണ്ടിരുന്ന കാർഷികത്തനിമകൾ ഓർമ്മകളിലേക്ക് വഴിമാറുകയും ചെയ്ത ഇക്കാലത്ത്, "പഴമയുടെ വേരറുക്കാതെ പുതുമയുടെ തളിരില ചൂടാം" എന്ന് നാടിന് കാണിച്ചു കൊടുക്കുകയാണ് തയ്യൂരിലെ യുവകൂട്ടായ്മ. കാള പെറ്റെന്നു കേൾക്കുമ്പോഴേ കയറെടുക്കുന്ന ആധുനികതയുടെ തിരക്കുകൾക്കിടയിലാണ്, അമ്പതാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ട് കോടാംപറമ്പിൽ വീണ്ടും പോത്തുകളുടെ കുളമ്പടിയൊച്ച മുഴങ്ങിയത്.

​കാർമേഘക്കൂട്ടങ്ങളെപ്പോലെ കറുത്തുരുണ്ട, കാറ്റിനേക്കാൾ വേഗത്തിൽ കുതിച്ചുപാഞ്ഞ പോത്തുകൾ ചെളിത്തെറിപ്പിച്ചു പറന്നപ്പോൾ കാണികൾക്ക് അതൊരു കണ്ണും കരളും നിറയ്ക്കുന്ന ഉത്സവക്കാഴ്ചയായി മാറി. കേവലമൊരു കായികക്കാഴ്ച എന്നതിലുപരി, നാടിന്റെ ഐശ്വര്യത്തിനും ശാന്തിക്കും സമാധാനത്തിനുമുള്ള പ്രാർത്ഥന കൂടിയായിരുന്നു ഈ അപൂർവ്വ സംഗമം. മല്ലനും ദണ്ഡനും അന്തിമഹാകാളനും നാടിന് കാവലാകാൻ നടത്തിയ പ്രായശ്ചിത്ത ചടങ്ങുകൾക്കൊപ്പം, ചെമ്പട കൊട്ടി പാടവരമ്പുകളെ പ്രകമ്പനം കൊള്ളിച്ച പ്രാചീന കലാരൂപമായ മരംകൊട്ടിപ്പാട്ടിന്റെ തനിമയാർന്ന ഈണങ്ങൾ കൂടി അലയടിച്ചതോടെ കോടാംപറമ്പ് ഭക്തിസാന്ദ്രമായ അനുഭവമായി.

​അന്തിമഹാകാളന്റെ പ്രത്യേക പൂജകൾക്ക് അപ്പു കുന്നത്തുപുരയ്ക്കൽ, സുബ്രൻ, സുകുമാരൻ മാസ്റ്റർ എന്നിവർ കാർമ്മികത്വം വഹിച്ചു. ഗിരീഷ് കളരിക്കൽ, യശോധരൻ ചിങ്ങപുരത്ത്, ഇ.വി. രവി, കെ.എൽ. മുരളീധരൻ, അമൽ കൃഷ്ണ, നന്ദൻ, കണ്ണൻ, കെ.വി. ഗിരീഷ്, രാഗേഷ് സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് നാടിനെ ഒന്നാകെ പങ്കാളികളാക്കി ഈ അപൂർവ്വ കാർഷികോത്സവത്തിന് കൊടിയിറങ്ങിയത്