നട്ടുവളർത്തിയ വാഴ, ചേമ്പ്, കപ്പ തുടങ്ങിയ വിളകൾ കാട്ടുപന്നികൾ കൂട്ടത്തോടെ കുത്തിമറിച്ചു

 വേലൂർ വായനശാലയ്ക്ക് സമീപമുള്ള ജനവാസ മേഖലയിൽ പട്ടാപ്പകൽ കാട്ടുപന്നിക്കൂട്ടം ഇറങ്ങി കർഷകരുടെ അധ്വാനം നിമിഷനേരം കൊണ്ട് തകർത്തെറിയുകയാണ്. പ്രഭാത സമയങ്ങളിൽ പോലും കുഞ്ഞുങ്ങളെയുമടക്കം കൂട്ടി റോഡരികിലും പുരയിടങ്ങളിലും പന്നിക്കൂട്ടം യഥേഷ്ടം മേഞ്ഞുനടക്കുന്നത് പ്രദേശവാസികളിൽ കടുത്ത ഭീതി പടർത്തുന്നുണ്ട്. മാസങ്ങളോളം വിയർപ്പൊഴുക്കി നട്ടുവളർത്തിയ വാഴ, ചേമ്പ്, കപ്പ തുടങ്ങിയ വിളകൾ കാട്ടുപന്നികൾ കൂട്ടത്തോടെ കുത്തിമറിച്ചു തിന്നുന്നതോടെ എന്തുചെയ്യണമെന്നറിയാതെ കണ്ണീരിലാണ് ഈ പ്രദേശത്തെ കർഷകർ. വലിയ തുക വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ സാധാരണ കർഷക കുടുംബങ്ങൾ ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും കടക്കെണിയിലേക്കുമാണ് വീഴുന്നത്. പകൽ സമയത്തുപോലും വഴിനടക്കാൻ ഭയക്കേണ്ട അവസ്ഥയായതിനാൽ കുട്ടികളെ സ്കൂളുകളിൽ അയക്കാനോ മുതിർന്നവർക്ക് പുറത്തിറങ്ങാനോ കഴിയാത്ത ഭയാനകമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ജനവാസ മേഖലകളിലിറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ സർക്കാർ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർക്ക് പ്രത്യേക അധികാരം നൽകിയിട്ടുണ്ട്. ഈ വിവേചനാധികാരം ഫലപ്രദമായി പ്രയോജനപ്പെടുത്തി, എംപാനൽ ചെയ്ത ഷൂട്ടർമാരെ ഉപയോഗിച്ച് പന്നികളെ വെടിവെച്ചുകൊല്ലാൻ വേലൂർ പഞ്ചായത്ത് ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും കർഷകരുടെയും പ്രധാന ആവശ്യം.