വടക്കാഞ്ചേരി: നാടിനെ നടുക്കിയ വാഴക്കോട് വളവ് ക്വാറി സ്ഫോടനക്കേസിൽ പ്രതികളായ നാലുപേർക്ക് വിവിധ വകുപ്പുകളിലായി ആറര വർഷം തടവും 22,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴയൊടുക്കിയില്ലെങ്കിൽ എട്ടു മാസം അധിക തടവ് അനുഭവിക്കണം. വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് വിധി പ്രസ്താവിച്ചത്. അബ്ദുൽ അസീസ്, അലി കുഞ്ഞ്, അബൂബക്കർ, ഉമ്മർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായിരുന്ന മൂലയിൽ അബ്ദുൽ നൗഷാദ് സംഭവദിവസമുണ്ടായ സ്ഫോടനത്തിൽ തന്നെ മരണപ്പെട്ടിരുന്നു. പ്രതികളിൽ ഒരാളായ അതിഥി തൊഴിലാളി അശ്വിനി മാജി വിചാരണവേളയിൽ ഒളിവിൽ പോയി. പ്രതികൾ അടയ്ക്കുന്ന പിഴത്തുക പൂർണ്ണമായും സർക്കാരിലേക്ക് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
അശാസ്ത്രീയമായി സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കാൻ ശ്രമിച്ചതാണ് ദുരന്തത്തിന് കാരണം. 2021 ജൂൺ 21-നാണ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ വാഴക്കോട് വളവിലെ ക്വാറിയിൽ നാടിനെ നടുക്കിയ ഉഗ്രസ്ഫോടനം ഉണ്ടായത്. അപകടത്തിൽ ഒരാൾ തൽക്ഷണം കൊല്ലപ്പെടുകയും അഞ്ചുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്. സ്ഫോടനത്തിൽ മരിച്ച ഒന്നാം പ്രതി മൂലയിൽ അബ്‌ദുൽ നൗഷാദിന്റെ പരക്കാടുള്ള ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്ത്‌തുക്കൾ വാഴക്കോടുള്ള ക്വാറിയിലെത്തിച്ച് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ, തികച്ചും അശ്രദ്ധമായും അശാസ്ത്രീയമായും നിർവീര്യമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൻ ദുരന്തം സംഭവിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
പഴുതടച്ച അന്വേഷണവും പ്രോസിക്യൂഷൻ നടപടികളും
സംഭവം നടന്നയുടൻ വടക്കാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. സാബുവാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് തൃശ്ശൂർ സിറ്റി ക്രൈംബ്രാഞ്ച് എ.സി.പിമാരായ പി. ശശികുമാർ, ടി.ആർ. രാജേഷ് എന്നിവർ അന്വേഷണം മുന്നോട്ടുകൊണ്ടുപോയി. ഒടുവിൽ ക്രൈംബ്രാഞ്ച് എ.സി.പി: കെ. തോമസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ സമഗ്രമായ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ പ്രോസിക്യൂഷൻ 36 സാക്ഷികളെ വിസ്‌തരിക്കുകയും 47 നിർണ്ണായക രേഖകൾ കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഇ.എ. സീനത്ത് കോടതിയിൽ ഹാജരായി. ഗ്രേഡ് എ.എസ്.ഐ: ഗീത പി.ആർ, സി.പി.ഒമാരായ റിജു, സിറിൽ എന്നിവരാണ് കോടതിയിലെ തുടർനടപടികൾ ഏകോപിപ്പിച്ചത്.
