മുണ്ടൂർ - പുറ്റേക്കര കുപ്പിക്കഴുത്ത്; ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പി.ഡബ്ല്യു.ഡി പൊളിച്ചുനീക്കുന്നു
തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.86 കിലോമീറ്റർ ദൂരം കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരി പാതയാക്കി റോഡ് വികസിപ്പിക്കുന്നതിന് ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു. 265 ഗുണഭോക്താക്കളിൽ നിന്നായി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയ ഭൂമിയിലെ കെട്ടിടങ്ങളും മറ്റ് നിർമ്മാണങ്ങളും പൊളിച്ചുനീക്കുന്ന പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. സേവ്യർ ചിറ്റിലപ്പിളളി എംഎൽഎ സ്ഥലത്തെത്തിയിരുന്നു.
എൽ.ഡി.എഫ് സർക്കാർ 25.57 കോടി രൂപ അനുവദിച്ചതോടെയാണ് ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കാനായത്. ഒരു സെൻ്റിന് 11 ലക്ഷത്തോളം രൂപ നഷ്ടപരിഹാര തുകയായി നൽകിയാണ് അഞ്ഞൂർ വില്ലേജിലെ 177 സെൻ്റ് ഭൂമി കുപ്പിക്കഴുത്ത് പരിഹരിച്ച് നാലുവരിപ്പാത നിർമ്മിക്കുന്നതിനായി ഏറ്റെടുത്തത്. ആകെ 280 ഗുണഭോക്താക്കളിൽ 265 പേരിൽ നിന്നും നടപടികൾ മുഴുവൻ പൂർത്തിയാക്കി ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറി. ശേഷിക്കുന്ന ഗുണഭോക്താക്കൾക്കുള്ള നഷ്‌ടപരിഹാരം കോടതിയിൽ അടവാക്കി. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങളും മറ്റ് ചമയങ്ങളും പൊളിച്ചു മാറ്റുന്നതിനുള്ള 25 ലക്ഷം രൂപയുടെ പ്രവൃത്തിയാണ് കരാറുക്കാരനായ ശ്രീ. മേജോ കെ ജെ നിർവ്വഹിക്കുന്നത്.
ഏറ്റെടുത്ത ഭൂമിയിൽ റോഡ് നിർമ്മിച്ച് നാലുവരി പാതയാക്കുന്നതിന് പരമാവധി 10 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തൃശ്ശൂർ - കുറ്റിപ്പുറം സംസ്ഥാന പാതയിൽ കെ.എസ്.ടി.പി റോഡ് നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ സേവിംഗ്സ് തുക ഉപയോഗിച്ചോ, ഭൂമി ഏറ്റെടുക്കലിനായുള്ള ഭരണാനുമതിയിലെ ശേഷിക്കുന്ന തുക ഉപയോഗിച്ചോ റോഡ് നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. സേവിംഗ്സ് തുക പ്രയോജനപ്പെടുത്തുന്നതിനായി പി.ഡബ്യൂ.ഡി സെക്രട്ടറി തലത്തിൽ രണ്ട് ഘട്ടം യോഗങ്ങൾ എംഎൽഎയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്. കെ.എസ്.ടി.പി അധികൃതരും പൊതുമരാമത്ത് വകുപ്പുമായും കൂടിയാലോചിച്ച് ആവശ്യമായ ശ്രമങ്ങൾ തുടർന്നു വരികയാണെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.
സംസ്ഥാനപാത 69ലെ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള 1.86 കിലോമീറ്റർ ഭാഗത്ത് റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് രൂപപ്പെട്ട് അപകടങ്ങൾ പതിവായതോടെ, ഭൂമി ഏറ്റെടുത്ത് റോഡ് നാലുവരിപ്പാതയാക്കി വികസിപ്പിക്കണമെന്ന ആവശ്യത്തിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഈ പ്രശ്നം സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ നിയമസഭയിൽ സബ്മിഷൻ ആയി ഉന്നയിക്കുകയും, സ്ഥലം സന്ദർശിച്ച അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും, മന്ത്രിമാരും വടക്കാഞ്ചേരി മണ്ഡലത്തിൽ എത്തിച്ചേർന്ന ഘട്ടത്തിലാണ് പദ്ധതിക്കായി പുതുക്കിയ ഭരണാനുമതി പുറപ്പെടുവിച്ചുക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. 25.57 കോടി രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകി ഭൂമി ഏറ്റെടുത്തതിനെ തുടർന്ന് അന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാൽ മുണ്ടൂരിലെത്തി സ്ഥലം ഉടമകൾക്ക് അവാർഡ് കൈമാറിയിരുന്നു.
🔻🔻🔻🔻🔻🔻🔻
