ജൂബിലി മിഷൻ ആശുപത്രിയും, അമല ആശുപത്രിയും, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനും തമ്മിൽ ഇന്ന് (28/16/ 2026) ഞായറാഴ്ച മൂന്നു മണിക്ക് ചർച്ച നടന്നു.
ജൂബിലി മിഷൻ മെഡിക്കൽ കോളേജ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) പ്രതിനിധികളും തമ്മിൽ നഴ്‌സുമാരുടെ വേതനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്ന് സൗഹൃദപരമായ അന്തരീക്ഷത്തിൽ 3 മണിക്ക് ജൂബിലി മിഷൻ ആശുപത്രിയിൽ യോഗം ചേർന്നു.
തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ സി.എം.ഐ പ്രൊവിൻഷ്യൽ ഫാ. ജോസ് നന്തിക്കര, അമല ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആന്റണി മണ്ണുമ്മേൽ, ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ, ജൂബിലി മിഷൻ സി.ഇ.ഒ ഡോ. ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു. ജൂബിലി മിഷനിലെ UNA പ്രതിനിധികളായി ശ്രീ ലിജോ ജോസഫ്, അഞ്ചു വി എൻ, സ്വീറ്റിസ് ഡിനോ ജിനോയും, അമലയിലെ UNA പ്രതിനിധികളായി ശ്രീ ടിന്റു തോമസ്, ശ്രി ജിജോ കുര്യാക്കോസ്, ശ്രീമതി ലാലി ബാബുവും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിന്റെ ആരംഭത്തിൽ മാർ ആൻഡ്രൂസ് താഴത്ത് ജൂബിലി മിഷൻ എപ്പോഴും "പാവപ്പെട്ടവരുടെ ആശുപത്രി" എന്ന ദൗത്യം നിലനിർത്തിക്കൊണ്ടായിരിക്കും മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കി. ദരിദ്രരായ രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന സേവനദൗത്യം തുടർന്നും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. അതൊടൊപ്പം ജൂബിലിയിലെയും അമലയിലെയും ഇതര ആശുപത്രികളിലെയും എല്ലാ ജീവനക്കാർക്കും മാന്യമായ വേതനം ഉറപ്പുവരുത്തേണ്ടതാണെന്നും പിതാവ് പറഞ്ഞു. ഫാ. ജോസ് നന്തിക്കരയും ഇതേ നിലപാട് പങ്കുവെച്ച്, സാമൂഹിക പ്രതിബദ്ധതയും ആരോഗ്യസേവനവും ഒരുമിച്ച് മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
യോഗത്തിൽ നഴ്‌സുമാരുടെ വേതനം, കരാർ നിയമനം, അനുഭവപരിചയത്തിനനുസരിച്ചുള്ള വേതനക്രമം, സർക്കാർ പ്രസിദ്ധീകരിച്ച കരട് മിനിമം വേതന വിജ്ഞാപനത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. നഴ്‌സുമാരുടെ പ്രതിനിധികൾ തങ്ങളുടെ ആശങ്കകളും നിർദ്ദേശങ്ങളും തുറന്നുപറഞ്ഞു. സർക്കാർ അന്തിമ മിനിമം വേതന വിജ്ഞാപനം എത്രയും വേഗം പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാവരും തന്നെ ഊന്നി പറഞ്ഞു.
ജൂബിലി, അമല സ്ഥാപനങ്ങളുടെ ഭാഗത്തുനിന്ന്, സർക്കാർ നിശ്ചയിച്ച മിനിമം വേതനം പ്രഖ്യാപിച്ച ഘട്ടങ്ങളിൽ അതനുസരിച്ചും, പല അവസരങ്ങളിലും അതിലും ഉയർന്ന വേതനനിരക്കുകളും നൽകിവരുന്നതായി വിശദീകരിച്ചു. സർക്കാർ വിജ്ഞാപനത്തിലെ അന്തിമ തീരുമാനമാണ് ദീർഘകാല പരിഹാരമെന്നും അതിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
കരട് മിനിമം വേതന വിജ്ഞാപനത്തിലെ അപാകതകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതും, ആരോഗ്യരംഗത്തിന് അനുയോജ്യമായ നീതിയുക്തമായ അന്തിമ മിനിമം വേതനം എത്രയും വേഗം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ തലത്തിൽ സംയുക്തമായി ഇടപെടാൻ യോഗം തീരുമാനിച്ചു.
ഈ വിഷയത്തിൽ മുഖ്യമന്ത്രിയും, തൊഴിൽ മന്ത്രിയും ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സർക്കാർ അധികാരികളുമായി അടിയന്തര കൂടിക്കാഴ്ച സംഘടിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു. സർക്കാറിന്റെ അന്തിമ തീരുമാനം പരമാവധി ഒരു മാസത്തിനുള്ളിൽ ഉണ്ടാകുന്നതിനായി ആവശ്യമായ സമ്മർദ്ദം കൊടുക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
രോഗികളുടെ സേവനത്തിന് യാതൊരു വിധത്തിലും തടസ്സം ഉണ്ടാകരുതെന്നും, സ്ഥാപനങ്ങളുടെ സേവനദൗത്യം സംരക്ഷിച്ചുകൊണ്ട് ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്താൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അതുവരെ സമരം അവസാനിപ്പിച്ച് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് പിതാവ് ആഹ്വാനം ചെയ്തു.
ചർച്ചകൾ ക്രിയാത്മകവും സൗഹൃദപരവുമായ അന്തരീക്ഷത്തിലാണ് നടന്നത്. സർക്കാർ തലത്തിൽ തുടർചർച്ചകൾ നടത്തുന്നതിനും എല്ലാവരുടെയും സഹകരണത്തോടെ വിഷയത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.
