കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അന്തിക്കാട് യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി
അന്തിക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) അന്തിക്കാട് യൂണിറ്റിന്റെ 45-ാമത് വാർഷിക പൊതുയോഗവും പുതിയ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പും അന്തിക്കാട് യു.എ.ഇ ഹാളിൽ വെച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു.
KVVES സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ജില്ലാ പ്രസിഡന്റുമായ കെ. വി. അബ്ദുൽ ഹമീദ് ചടങ്ങ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. എ. ലാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിറ്റ് ജനറൽ സെക്രട്ടറി സത്താർ സ്വാഗത പ്രസംഗം നടത്തി. തുടർന്ന് യൂണിറ്റ് വൈസ് പ്രസിഡന്റ് അനുശോചന പ്രമേയം രേഖപ്പെടുത്തി.
നാട്ടിക മണ്ഡലം ചെയർമാൻ കെ. കെ. ഭാഗ്യനാഥ് ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് താജുദ്ദീൻ കാവുങ്ങൽ, വനിതാ വിംഗ് നാട്ടിക നിയോജക മണ്ഡലം ചെയർപേഴ്സൺ ഷീല പ്രേംരാജ് എന്നിവർ സമ്മേളനത്തിന് ആശംസകൾ നേർന്നു സംസാരിച്ചു.
യൂണിറ്റ് ട്രഷറർ ലെജിൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. തുടർന്ന് യൂത്ത് വിംഗ് പ്രസിഡന്റ് അനിൽ ടി. കെ., വനിതാ വിംഗ് സെക്രട്ടറി അശ്വതി രാജേഷ്, എക്സിക്യൂട്ടീവ് അംഗം ഷാനവാസ് അന്തിക്കാട് എന്നിവർ സംസാരിച്ചു.
നൂറു ശതമാനം വ്യാപാരികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പൊതുയോഗം, യൂത്ത് വിംഗിന്റെ സജീവമായ പ്രവർത്തന മികവോടെയാണ് അരങ്ങേറിയത്. ഊർജ്ജസ്വലനായ യൂണിറ്റ് പ്രസിഡന്റ് ലാസറേട്ടൻ, അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്ന സെക്രട്ടറി സത്താർക്ക എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി വളരെ മനോഹരമായാണ് വാർഷികം സംഘടിപ്പിച്ചത്. പൊതുയോഗത്തിന് ശേഷം വിവിധ കലാപരിപാടികളും സ്നേഹവിരുന്നും നടന്നു.
