അരനൂറ്റാണ്ടിന് ശേഷം ഒരിക്കൽ കൂടി 'ഹാജർ'
❗മുതുവറ ❗
പുറനാട്ടുകര ശ്രീരാമകൃഷ്ണ ഗുരുകുല വിദ്യാമന്ദിരത്തിലെ 1976 എസ് എസ് എൽ സി ബാച്ച് സുവർണ്ണ ജൂബിലി ആഘോഷിച്ചു.
1976-ൽ പത്താം ക്ലാസ് പൂർത്തിയാക്കിയ അമ്പതോളം വിദ്യാർത്ഥികൾ കുടുംബസമേതം വിദ്യാലയമുറ്റത്ത് ഒത്തുചേർന്നത് വേറിട്ടൊരു അനുഭവമായി.
ഞായറാഴ്ച രാവിലെ ശ്രീരാമകൃഷ്ണ ക്ഷേത്ര ദർശനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് നടന്ന ഔദ്യോഗിക ചടങ്ങ് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റും സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസിലറുമായ **ഡോ. ധർമ്മരാജ് അടാട്ട്** ഉദ്ഘാടനം ചെയ്തു. ശ്രീരാമകൃഷ്ണ മഠത്തിലെ *സ്വാമി സദ്ഭവാനന്ദജി മഹാരാജ്* അനുഗ്രഹപ്രഭാഷണം നടത്തി.
കോർഡിനേറ്റർ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നന്ദകുമാർ ചിറ്റിലപ്പിള്ളി സ്വാഗതം ആശംസിച്ചു. അന്നത്തെ ക്ലാസ് ടീച്ചർ കൂടിയായ കുമാരി ടീച്ചർ ഹാജർ പുസ്തകം തുറന്നു വച്ച് ഓരോരുത്തരുടെയും പേരുകൾ വിളിച്ചപ്പോൾ വന്നവരെല്ലാം സദസ്സിൽ നിന്ന് കൊണ്ട് ഹാജർ രേഖപ്പെടുത്തി. അന്നത്തെ സ്കൂൾ പ്രാർത്ഥനയും അതേ രീതിയിൽ അവതരിപ്പിച്ചു.
1976-ലെ സ്കൂൾ ലീഡർ ജനാർദ്ദനൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻ അധ്യാപകരായ കുമാരി ടീച്ചർ, ലീല ടീച്ചർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ രാകേഷ് മാസ്റ്റർ, ഹെഡ്മാസ്റ്റർ മനോജ് മാസ്റ്റർ, കൂട്ടായ്മയുടെ പ്രതിനിധികളായ ജ്യോതിസ്, ഗോവിന്ദൻകുട്ടി, നാരായണൻകുട്ടി, സി എൻ പ്രദീപ്, രവീന്ദ്രനാഥ്, പിഡി പ്രതീഷ്, അന്നത്തെ സ്കൂൾ ചെയർമാൻ പിജി അശോകൻ എന്നിവർ എന്നിവർ സംസാരിച്ചു. തങ്ങളെ അറിവിന്റെ ലോകത്തേക്ക് നയിച്ച വിദ്യാലയത്തിന് സ്നേഹോപഹാരമായി സിസിടിവി (CCTV) സ്ഥാപിച്ചു നൽകി. അതോടൊപ്പം സ്കൂളിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ ത്രിമാന ഭൂപടം നവീകരിച്ചു നൽകി. പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ പ്രത്യേക വെബ്സൈറ്റിന്റെ പ്രകാശനവും നടന്നു. അൻപത് വർഷത്തെ ജീവിതയാത്ര പിന്നിട്ട സഹപാഠികളെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
വാർത്തകളും പരസ്യങ്ങളും നൽകാൻ
9349748665
9567057562
❗❗❗❗❗❗❗❗❗❗


