പ്രാദേശിക തൊഴിൽമേളകൾ ലക്ഷ്യം കാണുന്നു.
മുതുവറ:
വിജ്ഞാന കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ഓണത്തിന് ഒരു ലക്ഷം തൊഴിൽ എന്ന ലക്ഷ്യവുമായി സംഘടിപ്പിക്കുന്ന പ്രാദേശിക തൊഴിൽമേളകൾ തൊഴിലുറപ്പാക്കി മുന്നേറുകയാണ്. പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രാദേശിക തൊഴിൽമേള "ലക്ഷ്യ 2025" ൽ ഇന്റർവ്യൂകളിൽ പങ്കെടുത്ത 200 പേരിൽ 25 പേർക്ക് സ്ഥിരം നിയമനം ലഭിച്ചു. 100 പേരെ വിവിധ കമ്പനികൾ ഷോർട്ട് ലിസ്റ്റിലും ഉൾപ്പെടുത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും സഹകരിച്ച് തൃശ്ശൂർ ജില്ലയിൽ മുഴുവൻ ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും കേന്ദ്രീകരിച്ച് പ്രാദേശിക തൊഴിൽമേളകൾ സംഘടിപ്പിക്കുകയാണ്. പ്രാദേശികമായ തൊഴിലവസരങ്ങൾ കണ്ടെത്തി അതത് പ്രദേശങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ സ്കിൽ പരിശീലനം നൽകി തൊഴിലുറപ്പാക്കുകയാണ് പദ്ധതിയിലൂടെ.
ലിസ്റ്റിൽ ഉൾപ്പെടാത്തവർക്ക് പ്രത്യേകം പരിശീലനങ്ങൾ നൽകി അടുത്ത തൊഴിൽമേളകളിലൂടെ ജോലി ലഭ്യമാക്കാനാണ് വിജ്ഞാന കേരളം ലക്ഷ്യമിടുന്നത്. സ്കിൽ പരിശീലനങ്ങൾ നൽകി പ്രാദേശിക തൊഴിലുകൾക്ക് പരിചയസമ്പന്നരായ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുന്നു. ഇത്തരം ജോലികൾക്ക് അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുമ്പോൾ വരുന്ന താമസ,ഭക്ഷണ, അനുബന്ധ ചിലവുകൾ കുറച്ച് തദ്ദേശീയമായി സ്കിൽ പരിശീലനത്തിലൂടെ ഒരു വൈജ്ഞാനിക സാമ്പത്തിക സമൂഹത്തെ കെട്ടിപ്പടുക്കാനും സാധിക്കുന്നു. കുടുംബ പ്രതിസന്ധികളിൽ പെട്ട് തൊഴിലുപേക്ഷിക്കപ്പെടുകയും പഠനശേഷം തൊഴിൽ ചെയ്യാനാവാതെപോയ നിരവധി സ്ത്രീകൾക്കാണ് പ്രാദേശികമായി തൊഴിലുകൾ ലഭ്യമാകുന്നതോടെ പുതുജീവൻ ലഭിക്കുന്നത്. പ്രാദേശിക തൊഴിൽമേളകളിലൂടെ ഒരുപാട് പേർക്ക് തൊഴിൽ ലഭ്യമാക്കുകയും സമൂഹം ഒറ്റകെട്ടായി ഏറ്റെടുക്കുകയും ചെയ്ത സാഹചര്യത്തിൽ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലും പ്രാദേശിക തോഴിൽ മേളകൾ സംഘടിപ്പിച്ച് തൊഴിൽ അന്വേഷകരായ അവസാനയാൾക്കും തൊഴിൽ ലഭ്യമാക്കുന്ന പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് വിജ്ഞാന കേരളം.
🔻🔻🔻🔻🔻🔻🔻🔻🔻🔻🔻