പേരാമംഗലം: ശ്രീ ദുർഗാവിലാസം എൽ പി സ്കൂളിൽ കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു.
"മലയാളമാണെന്റെ മാതൃഭാഷ" എന്ന വരികളോടെ പ്രസിദ്ധ സംഗീതാധ്യാപകൻ വാസുദേവൻ മാസ്റ്റർ കേരളപ്പിറവി ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
കേരളത്തിന്റെ സൗന്ദര്യവും മലയാളത്തിന്റെ നന്മയും ആവോളം നുകരാനുതകുന്ന കുട്ടിക്കവിതകളുമായി അദ്ദേഹം കുട്ടികളോട് സംവദിച്ചു..
സാഹിത്യകാരി ശ്രീമതി സന്ധ്യ അറക്കൽ മാതൃഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വായനയുടെയും എഴുത്തിന്റെയും പ്രസക്തിയെക്കുറിച്ചും സംസാരിച്ചു. പ്രധാനാധ്യാപകൻ ശ്രീ കൃഷ്ണൻകുട്ടി മാസ്റ്റർ യോഗത്തിൽ സ്വാഗതമാശംസിച്ചു. കേരളീയ വേഷത്തിൽ 250 ഓളം കുട്ടിക്കുസൃതികൾ അവതരിപ്പിച്ച മെഗാ തിരുവാതിര ഈ കേരളപ്പിറവി ദിനത്തിലെ പ്രത്യേക ആകർഷണമായിരുന്നു.
യോഗത്തിൽ പിടിഎ പ്രസിഡന്റ് ശ്രീ എം ആർ രാജേഷ് അധ്യക്ഷത വഹിച്ചു. എം പി ടി എ പ്രസിഡന്റ് ശ്രീമതി സഖിലജ പി.ജി ആശംസകളർപ്പിച്ച് സംസാരിച്ചു. ശ്രീമതി ഹേമ എ എച്ച് കൃതജ്ഞത രേഖപ്പെടുത്തി.


