വയോജന ദിന സൗജന്യ വിനോദയാത്രയിൽ പങ്കെടുത്തത് 400 പേർ .
പറപ്പൂർ:
വയോജന ദിനത്തിൽ അരകുളത്തിൽ ഉണ്ണീരി ശങ്കപ്പയുടെ സ്മരണാർത്ഥം സുമനസ്സുകളുടെ സഹായ സഹകരണങ്ങളോടെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തിയ സൗജന്യ വിനോദയാത്രയിൽ 400 വയോജനങ്ങൾ ആവേശാഹ്ളാദത്തോടെ അണിനിരന്നു.
പറപ്പൂർ സെൻ്റ് ജോൺ നെപുംസ്വാൻ ഫൊറോന പള്ളി അങ്കണത്തിൽ ചേർന്ന ഉദ്ഘാടന സമ്മേളനത്തിൽ സെക്രട്ടറി പി ഒ സെബാസ്റ്റ്യൻ സ്വാഗ്രതവും പ്രസിഡണ്ട്
സി സി ഹാൻസൺ അധ്യക്ഷ പ്രസംഗവും ട്രഷറർ ഫഹദ് വിജയൻ കൃതജ്ഞതയും പറഞ്ഞു.
കോർഡിനേറ്റർ സി ഡി ജോസൺ യാത്രാ പരിപാടികൾ വിശദീകരിച്ചു.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി നടത്തിയ 19-ാം വയോജന ദിന യാത്ര മുരളി പെരുനെല്ലി MLA ഉദ്ഘാടനം ചെയ്തു.
തോളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി കെ രഘുനാഥൻ മുഖ്യപ്രഭാഷണം നടത്തി.
ഫാ. ഗോഡ്വിൻ ചെമ്മണ്ട OFM Cap
(അസി. വികാർ, സെൻ്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളി) അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്തംഗം ആനി ജോസ് ആശംസകളർപ്പിച്ചു.
തോളൂർ ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,
ആശാ വർക്കർമാർ,
അംഗനവാടി ടീച്ചേഴ്സ് ,
കാരുണ്യ ട്രസ്റ്റീസ് തുടങ്ങിവരുടെ ധന്യ സാന്നിധ്യത്തിൽ
സാവിത്രി ശങ്കപ്പ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പാലയൂർ പള്ളിയിൽ തീർത്ഥാടന കേന്ദ്രം ഡയറക്ടർ ഫാ. ഡേവീസ് കണ്ണമ്പുഴ സ്വീകരിച്ചു.
പുന്നത്തൂർ ആനക്കോട്ടയിൽ ഗുരുവായൂർ ദേവസ്വം പ്രസിഡണ്ട് ഡോ. വി കെ വിജയൻ വയോജന ദിന സന്ദേശം നൽകി. തൃശൂർ ജില്ലയിലെ അനാഥാലയങ്ങളിലെ അന്തേവാസികളും തോളൂർ പഞ്ചായത്തിലെ 65 കഴിഞ്ഞവരും ഇതര പഞ്ചായത്തുകളിലെ 70 കഴിഞ്ഞവരുമായ 400 നിർധന വയോജനങ്ങളാണ് സൗജന്യ ആനന്ദ യാത്രയിൽ പങ്കെടുത്തത്. ഗുരുവായൂർ ദേവസ്വം ഉച്ച ഭക്ഷണം നൽകി അവരെ ആദരിച്ചു.
തുടർന്ന് പഞ്ചവടിയിലെ മറൈൻ വേൾഡും ബീച്ചും സന്ദർശിച്ച വയോജന സംഘം, പാട്ടും കളികളുമായി വയോജന ദിനം സാർത്ഥകമായി ആഘോഷിച്ചു.
ഡോക്ടർ ഉൾപ്പെടെയുള്ള മെഡിക്കൽ ടീമും ആംബുലൻസും യാത്രയെ അനുഗമിച്ചു.
കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ട്രസ്റ്റിമാരായ വത്സ ചേറു , എ കെ അറുമുഖൻ, സാൻ്റി ഡേവിഡ്, ശ്രീകല കുഞ്ഞുണ്ണി , കോർഡിനേറ്റർ സി ഡി ജോസൺ, സൈമൺ കുന്നത്ത്, മാനേജർ ഡാർവിൻ കെ വിത്സൺ, തോളൂർ ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
അനാഥാലയങ്ങളിലേയും വൃദ്ധമന്ദിരങ്ങളിലേയും |അന്തേവാസികളും തോളൂർ പഞ്ചായത്തിലെ 65 വയസ്സ് കഴിഞ്ഞവരും ഇതര പഞ്ചായത്തുകളിലെ 70 വയസ് പിന്നിട്ടവരുമായ നിർധന വയോജനങ്ങൾക്ക് ഈ യാത്ര സമ്മാനിച്ചത് വലിയ സന്തോഷമായിരുന്നു.
പകൽ വീടും രാത്രി വീടും ത്രൈമാസ സൗജന്യ തിമിര ശസ്ത്രക്രിയാ ക്യാംപുകളും വാർഷിക വയോജനദിന യാത്രകളും നടത്തിവരുന്ന കാരുണ്യ ചാരിറ്റബിൾ സൊസൈറ്റി, നിർധനരായ കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണ ശുശ്രൂഷാ കേന്ദ്രവും ഭിന്നശേഷിക്കാർക്ക് ഫിസിയോ തെറാപ്പി സേവനവും സൗജന്യമായി നൽകുന്ന കാരുണ്യ പെയിൻ & പാലിയേറ്റീവ് കെയർ ഹോസ്പിറ്റൽ ഉടനെ ഉദ്ഘാടനം ചെയ്യുമെന്ന് കാരുണ്യ ഭാരവാഹികൾ അറിയിച്ചു.



