വടക്കാഞ്ചേരിയിൽ യുവാവിന് നേരെ വധശ്രമം; കണ്ടാലറിയാവുന്ന പത്തുപേരുൾപ്പെടെ പ്രതികൾക്കെതിരെ കേസ്
വടക്കാഞ്ചേരി കരുതക്കാട് ലയാലി ഹോട്ടലിന് സമീപം യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. എങ്കക്കാട് സ്വദേശി കാഞ്ഞങ്ങാട്ട് വീട്ടിൽ ആദിത്യനാണ് (21) അക്രമത്തിൽ പരിക്കേറ്റത്. മുൻപ് സഹോദരനെ മർദ്ദിച്ചതിന് പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം വെച്ചാണ് സംഘം ചേർന്ന് ആക്രമണം നടത്തിയത്. സംഭവത്തിൽ നിതേഷ്, അജയ്, നിഖിൽ എന്നിവർക്കും കണ്ടാലറിയാവുന്ന മറ്റ് പത്തോളം പേർക്കുമെതിരെയാണ് വടക്കാഞ്ചേരി പോലീസ് കേസെടുത്തത്. ഇരുമ്പ് കമ്പിവടിയും താക്കോലും ഉപയോഗിച്ച് തലയ്ക്കടിച്ചും ചവിട്ടിയും ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതികൾ, പരാതി നൽകിയാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തലയ്ക്കും കൈക്കും പരിക്കേറ്റ ആദിത്യനെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സബ്ബ് ഇൻസ്പെക്ടർ നിബിൻ പി.എമ്മിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.