ഫാ. ജോസ് അറങ്ങാശേരി അന്തരിച്ചു; സംസ്കാരം പൊങ്ങണംകാട് പള്ളിയിൽ
തൃശൂർ അതിരൂപതാംഗമായ ഫാ. ജോസ് അറങ്ങാശേരി അന്തരിച്ചു. 71 വയസ്സായിരുന്നു. ഇന്ന് വൈകീട്ട് മൂന്നിന് തൃശൂർ സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിൽ ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്ന് അഞ്ചുമണിവരെ പൊതുദർശനവും നടക്കും. ശേഷം ഭൗതികശരീരം പൊങ്ങണംകാട് ഇടവകയിലെ സഹോദരൻ അറങ്ങാശേരി റപ്പായി ജോൺസന്റെ വസതിയിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 9.30ന് ബിഷപ് മാർ ടോണി നീലങ്കാവിലിന്റെ കാർമികത്വത്തിൽ ഭവനത്തിലെ ശുശ്രൂഷകൾക്ക് തുടക്കമാകും. തുടർന്ന് മൃതദേഹം പൊങ്ങണംകാട് ഇടവക ദേവാലയത്തിലേക്ക് കൊണ്ടുപോകും. 10.30ന് ബിഷപ് മാർ ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ രണ്ടാംഘട്ട ശുശ്രൂഷകളും, തുടർന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ് മാർ ടോണി നീലങ്കാവിൽ എന്നിവരുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടുകൂടിയുള്ള സംസ്കാര തിരുകർമങ്ങളും നടക്കും. സീറോമലബാർ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമാപന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പൊങ്ങണംകാട് അറങ്ങാശേരി പരേതരായ റപ്പായി-റോസ് ദമ്പതികളുടെ മകനാണ്. 1981-ൽ മാർ ജോസഫ് കുണ്ടുകുളത്തിൽ നിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. വടക്കാഞ്ചേരി, തൃശൂർ ഡോളേഴ്സ് ബസിലിക്ക, അമ്മാടം എന്നിവിടങ്ങളിൽ സഹവികാരിയായും ചേരുംകുഴി, ആറ്റത്തറ, പടിഞ്ഞാറെ കല്ലൂർ, പുലക്കാട്ടുകര, മുല്ലശേരി, നോർത്ത് പുതുക്കാട്, നടത്തറ, വലക്കാവ്, തലക്കോട്ടുകര, തണ്ടിലം, കുറുമാൽ, തിരൂർ, പേരാമംഗലം, പെരിഞ്ചേരി, കുറ്റൂർ, ചിറ്റിശേരി, പൊറത്തൂർ, കൊഴുക്കുള്ളി, വിജയപുരം, പുറനാട്ടുകര, കാരമുക്ക്, പേരകം, വെങ്ങിണിശേരി തുടങ്ങിയ ഇടവകകളിൽ വികാരിയായും സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. ഏങ്ങണ്ടിയൂർ എം.ഐ ആശുപത്രിയുടെ അസിസ്റ്റന്റ് ഡയറക്ടറായും തിരൂർ, ആറ്റത്തറ, മുല്ലശേരി, കാരമുക്ക് സ്കൂളുകളുടെ മാനേജരായും വിവിധ സന്യാസിനീസമൂഹങ്ങളുടെ കപ്ലോനായും പ്രവർത്തിച്ചിട്ടുണ്ട്. അനാരോഗ്യത്തെ തുടർന്ന് കഴിഞ്ഞ മേയ് 19 മുതൽ വിശ്രമജീവിതത്തിലായിരുന്നു. സഹോദരങ്ങൾ: ജോണി, സണ്ണി, ജേക്കബ്, ജോൺസൻ, അമ്മിണി, എൽസി, പരേതരായ ജോർജ്, ഫ്രാൻസീസ്.
🔻🔻🔻🔻🔻🔻🔻🔻
