മുണ്ടത്തിക്കോട് കോരംകുളത്തിൽ വീണു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
ഫയർഫോഴ്‌സിന്റെ സ്കൂബ സംഘം നടത്തിയ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്; സംസ്കാരം നടന്നു.
മുണ്ടത്തിക്കോട്: കോരംകുളത്തിൽ വീണ് കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്‌സ് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിൽ കണ്ടെത്തി പുറത്തെടുത്തു. വടക്കാഞ്ചേരി നഗരസഭ നാല്പതാം ഡിവിഷനിൽപ്പെട്ട മുണ്ടത്തിക്കോട് തച്ചേലിൽ വീട്ടിൽ ആൽജോ ജോസഫ് (34) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് ആൽജോയെ കുളത്തിൽ വീണ് കാണാതായത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സിന്റെ സ്കൂബ സംഘം ഉടൻ സ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചെങ്കിലും വെളിച്ചക്കുറവും രാത്രിയായതും മൂലം ഞായറാഴ്ച വൈകുന്നേരത്തോടെ തെരച്ചിൽ താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു.
തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു. വടക്കാഞ്ചേരി, ഗുരുവായൂർ, തൃശൂർ, കൊടുങ്ങല്ലൂർ എന്നീ നാല് ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സ്കൂബ ടീമുകൾ സംയുക്തമായാണ് കുളത്തിൽ പരിശോധന നടത്തിയത്. ഗുരുവായൂർ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുമൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ രാവിലെ പത്തു മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വൈകുന്നേരത്തോടെ മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ സംസ്കാരം നടന്നു. ആൽജോ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്.
