ചോരയുണങ്ങാതെ തൃശൂരിലെ പാതകൾ; മൂന്ന് നാളുകൾ, മൂന്ന് ദുരന്തങ്ങൾ, പൊലിഞ്ഞത് 12 ജീവനുകൾ.
ഇന്ന് രാവിലെ പേരാമഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞു ഗ്രഹനാഥൻ മരണ പെട്ടൂ..
പേരാമംഗലം :
മൂന്നു നാളുകൾ, മൂന്ന് വ്യത്യസ്ത റോഡുകൾ... പക്ഷേ ഒടുവിൽ ബാക്കിയായത് ഒരേ കണ്ണീരും നിലവിളിയും മാത്രം. തൃശൂരിന്റെ നിരത്തുകൾ വീണ്ടും മരണപ്പാതകളായി മാറുകയാണ്. വെറും എഴുപത്തിരണ്ട് മണിക്കൂറിനിടെ ജില്ലയിലെ റോഡുകളിൽ ചോരയൊഴുകി നഷ്ടപ്പെട്ടത് പന്ത്രണ്ട് അമൂല്യ ജീവനുകളാണ്. കൈപ്പമംഗലത്ത് തളിരിട്ടുനിന്ന എട്ട് വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ കാറും ലോറിയും കവർന്നെടുത്ത ശനിയാഴ്ച പുലർച്ചെയായിരുന്നു ആ ദുരന്ത പരമ്പരയുടെ തുടക്കം. ആ തീരാനോവിന്റെ നടുക്കം വിട്ടുമാറും മുൻപേ, ഞായറാഴ്ച കുന്നംകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്ത മറ്റൊരു വാഹനാപകടം നാടിനെ വിറങ്ങലിപ്പിച്ചു. ഇപ്പോഴിതാ മൂന്നാം ദിവസമായ തിങ്കളാഴ്ചയും ആ മരണക്കുരുതിക്ക് അറുതിവന്നിട്ടില്ല; പേരാമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞ് ജീവൻ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണിയായ ഗൃഹനാഥനാണ്.
തൃശൂർ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ പേരാമംഗലം അഹല്യ ആശുപത്രിക്ക് സമീപം തിങ്കളാഴ്ച രാവിലെ ഒമ്പതു മണിയോടെയായിരുന്നു സംഭവം. ഉപജീവനത്തിനായി പച്ചക്കറിയുമായി തൃശ്ശൂർ മാർക്കറ്റിൽ നിന്നും കൈപ്പറമ്പിലേക്ക് പോവുകയായിരുന്ന കുരിയച്ചിറ നെല്ലിശ്ശേരി സ്വദേശി എൻ.പി. ഷോബി (55) ഓടിച്ചിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.
റോഡരികിലെ നടപ്പാതയിൽ മുൻപ് മുറിച്ചുമാറ്റിയ മരത്തിന്റെ കടക്കുറ്റി റോഡിലേക്ക് തള്ളിനിന്നതാണ് ഈ ദാരുണ അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ഗുരുതരമായി പരിക്കേറ്റ ഷോബിയെ സമീപത്തെ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൈപ്പമംഗലത്ത് പുലർകാലത്തെ വേഗതയും, കുന്നംകുളത്ത് അപ്രതീക്ഷിത കൂട്ടിയിടിയും, പേരാമംഗലത്ത് റോഡിലെ അപകടക്കെണിയായ മരക്കുറ്റിയും വിലപ്പെട്ട മനുഷ്യജീവനുകളെ കവർന്നെടുക്കുമ്പോൾ, ജില്ലയിലെ റോഡ് സുരക്ഷാ സംവിധാനങ്ങൾ നോക്കുകുത്തിയാവുകയാണെന്ന രോഷത്തിലാണ് നാട്ടുകാർ. മൂന്നുദിവസത്തെ ദുരന്തങ്ങൾ തൃശൂരിനെ സമ്മാനിച്ചിരിക്കുന്നത് ഉണങ്ങാത്ത മുറിവുകളും, നിരത്തിലിറങ്ങുന്ന ഓരോ യാത്രക്കാരനിലും തീരാഭീതിയുമാണ് . സംസ്കാരം പിന്നീട്, ഭാര്യ: ഷീജ,മക്കൾ: ജിഷോൺ, ജിഷിൻ


