വടക്കാഞ്ചേരി - ഓട്ടുപാറ ടൗണുകളെ ബന്ധിപ്പിക്കുന്ന സമാന്തര പുഴപ്പാലത്തിന്റെ പൈലിങ് ആരംഭിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ യും ജനപ്രതിനിധികളും പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
വടക്കാഞ്ചേരി പുഴയ്ക്ക് കുറുകെ വടക്കാഞ്ചേരി - ഓട്ടുപാറ ടൗണുകളെ ബന്ധിപ്പിക്കുന്ന പുഴപ്പാലത്തിന് സമീപം പഴയ ഇരുമ്പുപാലത്തിന് പകരം വാഹന സഞ്ചാരയോഗ്യമായ ആധുനിക സമാന്തര പാലം നിർമ്മിക്കുന്നതിന് എൽഡിഎഫ് സർക്കാർ 5 കോടി 16 ലക്ഷം രൂപ അനുവദിച്ച് പദ്ധതിയ്ക്ക് ഭരണാനുമതി നൽകിയുരുന്നു. മുൻ സർക്കാരിന്റെ അവസാന ഘട്ടത്തിൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തിരുന്നു.
26.5 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഏഴര മീറ്റർ കാര്യേജ് വേയും 3 മീറ്റർ നടപ്പാതയും ഉണ്ടായിരിക്കും. ഇരുവശത്തും ഒന്നര മീറ്റർ വീതിയിലാണ് നടപ്പാത. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം ഉൾപ്പെടെ 5.16 കോടി രൂപയ്ക്കാണ് മുൻ സർക്കാർ ഭരണാനുമതി നൽകിയിരുന്നത്.
ഓട്ടുപാറ ടൗണിൽ ജങ്ഷൻ നവീകരണ പദ്ധതിക്ക് മുൻ സർക്കാർ മൂന്നു കോടി രൂപ ബജറ്റിൽ അനുവദിച്ച് പൊതുമരാമത്ത് നിരത്തുകൾ വിഭാഗം നടപടികൾ മുന്നോട്ടു കൊണ്ടുപോവുകയാണ്. ആദ്യഘട്ടത്തിൽ ഓട്ടുപാറ ടൗണിലെ നിലവിലെ റോഡ് വീതി പൂർണ്ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് റോഡ് വീതികൂട്ടുന്നതിനാണ് പദ്ധതി. ഇതിനായി വശങ്ങളിലെ വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കേണ്ടതായുണ്ട്. രണ്ടു കോടി രൂപയുടെ ഈ പദ്ധതി ടെൻഡർ നടപടികൾ പൂർത്തിയാക്കി മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. ഒരു കോടി രൂപയുടെ ജങ്ഷൻ നവീകരണം രണ്ടാംഘട്ട പദ്ധതി ടെൻഡർ ഘട്ടത്തിലാണ്.
ഓട്ടുപാറ-വടക്കാഞ്ചേരി പുഴപ്പാലം 2 പാലങ്ങളിലായി നാലുവരിപ്പാതയാവുകയും തുടർന്ന് കുന്ദംകുളം റോഡ് ജങ്ഷൻ വരെയുള്ള ഓട്ടുപാറ ടൗണിലെ ഹൈവേ റോഡ് വീതികൂട്ടുകയും, വാഴാനി റോഡ് ജങ്ഷനും കുന്ദംകുളം റോഡ് ജങ്ഷനും നവീകരിക്കുകയും ചെയ്യുന്നതോടെ ടൗണിലെ ട്രാഫിക്കും യാത്രാദുരിതവും കുറയ്ക്കാനാകും. ഇതിനായുള്ള പദ്ധതികളാണ് മുന്നോട്ടുപോകുന്നത്. പുതിയ പാലത്തിന്റെ നിർമ്മാണത്തിലെ പ്രധാന ഘട്ടമായ പൈലിങ് ആരംഭിച്ചു. പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.
വടക്കാഞ്ചേരി നഗരസഭ ചെയർപേഴ്സൺ മിനി അരവിന്ദൻ, വൈസ് ചെയർമാൻ പി എൻ സുരേന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീല മോഹൻ, തലപ്പിള്ളി താലൂക്ക് സർക്കിൾ കോപ്പറേറ്റീവ് യൂണിയൻ ചെയർമാൻ എൻ കെ പ്രമോദ് കുമാർ, നഗരസഭ കൗൺസിലർമാരായ കെ വൈ സുമയ്യാബി, എം എം മഹേഷ്, പൊതുപ്രവർത്തകരായ എം ജെ ബിനോയ്, സി വി പൗലോസ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ കൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗം ഓവർസീയർ റോഷൻ റാഫേൽ എന്നിവർ സന്നിഹിതരായിരുന്നു.
🔻🔻🔻🔻🔻🔻🔻

