സംസ്ഥാനപാത പുറ്റേക്കരയിൽ റോഡിന്റെ വീതിക്കുറവും വളവ് തിരിഞ്ഞുവരുന്ന ഭാഗത്ത് ഉള്ള റോഡിന്റെ എഡ്ജ് അപകടങ്ങൾക്ക് കാരണമാകുന്നു .

 സംസ്ഥാനപാത പുറ്റേക്കരയിൽ റോഡിന്റെ വീതിക്കുറവും വളവ് തിരിഞ്ഞുവരുന്ന ഭാഗത്ത് ഉള്ള റോഡിന്റെ എഡ്ജ്   അപകടങ്ങൾക്ക് കാരണമാകുന്നു .

കൈപ്പറമ്പ് :



തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെയുള്ള കുപ്പിക്കഴുത്തിൽ ഏറ്റവും കൂടുതൽ അപകടം നടക്കുന്നത് പുറ്റേക്കര സെന്ററിന് സമീപത്താണ്. ഇന്നലെ (14/7/26) പുലർച്ചെ കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂർ ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന നേന്ത്രക്കായ കൊണ്ടുപോയിരുന്ന വണ്ടി റോഡിന്റെ എഡ്ജിൽ ചാടി നിയന്ത്രണവിട്ട് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. പ്രദേശവാസികളും ഹൈവേ പോലീസും ചേർന്ന് വാഹനം സൈഡിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ആളപായമില്ലാതെ രക്ഷപ്പെട്ടത് ഭാഗ്യമായെന്ന് പ്രദേശവാസികൾ പറഞ്ഞു. അപകടത്തിൽ വണ്ടിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംസ്ഥാനപാതയുടെയും ഡിവൈഡറിന്റെയും നിർമാണത്തിനും ശേഷം പത്തിലധികം അപകടങ്ങൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എല്ലാ അപകടങ്ങൾക്കും കാരണം രണ്ടു വരിയായി വരുന്ന റോഡ് ഇവിടെയെത്തുമ്പോൾ ഒറ്റവരിയായി ചുരുങ്ങുകയും റോഡിനോട് ചേർന്നുള്ള വലിയ എഡ്ജും ആണ് കൂടാതെ ചെറിയ വളവും ഇവിടെയുണ്ട്. ഇവിടെ ഉണ്ടായ അപകടങ്ങളിൽ പലതും റോഡിനു കുറുകെ ഡിവൈഡറിന് മുകളിലൂടെ ഇടിച്ചുകയറി എതിർശയിൽ വരുന്ന വാഹനങ്ങളിൽ ഇടിച്ചായിരുന്നു. ജൂൺ 26 (വെള്ളിയാഴ്ച) ഉച്ചയ്ക്കുശേഷം ഇതേ സ്ഥലത്തുതന്നെ അപകടം നടന്നപ്പോൾ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു . ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടയിൽ കുന്നംകുളം ഭാഗത്ത് നിന്ന് തൃശൂരിലേക്ക് പോകുന്ന കാർ റോഡിന്റെ എഡ്ജിൽ ചാടി നിയന്ത്രണം വിട്ട് ഡിവൈഡറിലും എതിർ ദിശയിലെ വീടിന്റെ മതിലിലും ഇടിച്ച് കാനയിലേക്ക് മറിയുകയായിരുന്നു . അതുപോലെ നിരവധി അപകടങ്ങൾ ഈ മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തിട്ടും അധികാരികൾ കണ്ണ് തുറക്കുന്നില്ല എന്നും ഇതിനൊരു ശാശ്വത പരിഹാരം എത്രയും പെട്ടെന്ന് കാണണമെന്നാണ് പ്രദേശവാസികളുടെയും സ്ഥാപന ഉടമകളുടെയും ആവശ്യം.