തൃശ്ശൂർ കുറ്റിപ്പുറം റോഡ് ഉദ്ഘാടനം ഫെബ്രുവരി 19ന്;

 തൃശ്ശൂർ കുറ്റിപ്പുറം റോഡ് ഉദ്ഘാടനം ഫെബ്രുവരി 19ന്;

സംഘാടക സമിതി യോഗം ചേർന്നു.


കുന്നംകുളം.

തൃശ്ശൂർ ജില്ലയെയും മലപ്പുറം ജില്ലയെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയായ തൃശ്ശൂർ കുറ്റിപ്പുറം റോഡിൻ്റെ ഉദ്ഘാടനം ഫെബ്രുവരി 19ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് നിർവഹിക്കും. കുന്നംകുളം പഴയ ബസ് സ്റ്റാൻഡിൽ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ എ. സി മൊയ്തീൻ എം. എൽ. എ അധ്യക്ഷത വഹിക്കും. ഇതേ ചടങ്ങിൽ ചെറുവള്ളിക്കടവ് പാലത്തിൻ്റെ നിർമാണോദ്ഘാടനവും, കലാശമലയിൽ ഏറ്റെടുത്ത 11.95 ഏക്കർ ഭൂമിയുടെ രേഖ കൈമാറലും മന്ത്രി ഉദ്ഘാടനം ചെയ്യും.


റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി ലോകബാങ്കിന്റെ ധനസഹായത്തോടെ കെ.എസ്.ടി.പി നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് തൃശ്ശൂർ പാറമേക്കാവ് മുതൽ കല്ലുംപുറം വരെയുള്ള സംസ്ഥാനപാത നവീകരിച്ചത്. നവീകരണത്തിൻ്റെ ഭാഗമായി മൊത്തം 33.243 കിലോമീറ്റർ ദൈർഘ്യമുള്ള പാത ഡി.ബി. എം ആൻഡ് ബി.സി പ്രതല നിർമാണവും കോൺക്രീറ്റ് പ്രതല നിർമാണവും ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തി. കൂടാതെ 28 കലുങ്കുകളുടെ പുനർനിർമാണവും മൂന്ന് ചെറു പാലങ്ങളുടെ നിർമാണവും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കി.

ഇതോടൊപ്പം തന്നെ 19 ബസ് കാത്തിരുപ്പ് കേന്ദ്രങ്ങളും, തെരുവ് വിളക്കുകൾ സ്ഥാപിക്കലും, ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കലും, ദിശാ ബോർഡുകളും, സൂചനാ ബോർഡുകളും, അപകട സൂചനാ ബോർഡുകളും പ്രവൃത്തിയിൽ ഉൾപ്പെടുത്തി നടത്തിയിട്ടുണ്ട്. റോഡിൽ സുരക്ഷാക്രമീകരണങ്ങളും, റോഡ് മാർക്കിങ്ങും, റോഡ് സ്റ്റഡ് സ്ഥാപിക്കലും നവീകരണ പ്രവൃത്തിയുടെ ഭാഗമായി പൂർത്തീകരിച്ചു.

കുന്നംകുളം നിയോജകമണ്ഡലത്തിലെ പെങ്ങാമുക്ക് റോഡിൽ സ്ഥിതി ചെയ്യുന്ന ചെറുവള്ളിക്കടവ് പാലം 7.94 കോടി രൂപ വിനിയോഗിച്ചാണ് പുനർ നിർമിക്കുന്നത്.

നിലവിലുള്ള ചെറുവള്ളിക്കടവ് പാലത്തിന് 30മീറ്റർ നീളവും ആകെ 4.65 മീറ്റർ വീതിയുമാണുള്ളത്. പുതിയ പാലം 20 മീറ്റർ നീളമുള്ള 3 സ്പാനോടുകൂടി ആകെ 60 മീറ്റർ നീളത്തിലും, ഇരുവശത്തും 1.5മീറ്റർ വീതിയുള്ള നടപ്പാതകളും 7.5 മീറ്റർ വീതിയുള്ള ക്യാരേജ് വേയും അടക്കം ആകെ 11 മീറ്റർ വീതിയിലുമായാണ് നിർമിക്കുക. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള നടപ്പാതകൾ ടൈൽ വിരിച്ച് മനോഹരമാക്കുകയും പാലത്തിന്റെ ഇരുഭാഗത്തും സിമെന്റ്റ് കോൺക്രീറ്റുകൊണ്ടുള്ള സംരക്ഷണഭിത്തി കെട്ടി ഉയർത്തി അപ്രോച്ച് റോഡ് നിർമ്മിച്ച് ഉപരിതലം ഇൻ്റർലോക്കിംഗ് ടൈൽ പാകുകയും പാലം നിർമ്മിക്കുന്ന സ്ഥലത്ത് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്ഥാപിക്കുകയും ചെയ്യും.

ഉദ്ഘാടനത്തിന്റെ ഭാഗമായി രൂപീകരിച്ച സംഘാടക സമിതി യോഗം എ.സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സൗമ്യ അനിലൻ, വൈസ് ചെയർപേഴ്സൺ പി.ജി ജയപ്രകാശ് , കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു, മറ്റ് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.