സംസ്ഥാന സ്കൂൾ കലോത്സവം; സ്വർണ്ണ കപ്പിന് ഇന്ന് കുന്നംകുളത്ത് സ്വീകരണം
ജനുവരി 14 മുതൽ 18 വരെ തൃശൂരിൽ നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സ്വർണ്ണക്കപ്പിന് ഇന്ന് ( തിങ്കളാഴ്ച) ഉച്ചയ്ക്ക് രണ്ടുമണിക്ക് കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകും. എ.സി മൊയ്തീൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചായിരിക്കും സ്വീകരണം.
മുത്തുകുടകൾ, ബാൻഡ് വാദ്യങ്ങൾ, വിദ്യാർഥികളുടെ വിവിധ കലാരൂപങ്ങൾ, സ്കൗട്ട്, ഗൈഡ്, എസ്.പി.സി, ജെ.ആർ.സി, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന ജനാവലിയുടെ അകമ്പടിയോടെ കുന്നംകുളം പഴയ ബസ്റ്റാൻഡിന്റെ മുൻവശത്ത് നിന്ന് സ്വർണ്ണക്കപ്പ് ഘോഷയാത്രയായി കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് ആനയിക്കും.
കുന്നംകുളം മുൻസിപ്പൽ ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, മറ്റ് ജനപ്രതിനിധികൾ, പി.ടി എ, എസ്.എം.സി, എം.പി.ടി.എ, ഒ.എസ്.എ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
117.5 പവൻ തൂക്കം വരുന്ന സ്വർണക്കപ്പുമായുള്ള ഘോഷയാത്ര കാസർകോട് നിന്നാണ് ആരംഭിച്ചത്. ജനുവരി 13-ന് കലോത്സവ വേദിയിൽ എത്തിച്ചേരും. 14-ന് രാവിലെ പത്തിന് തേക്കിൻകാട് മൈതാനത്തെ പ്രധാനവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയും.
