അബുദാബിയിൽ വാഹനാപകടം: കൊണ്ടോട്ടി സ്വദേശിയുടെ മൂന്ന് മക്കളും ഹൗസ് മെയ്ഡും മരണപ്പെട്ടു.
അബുദാബി:
ദുബായിൽ നിന്നും സൗദി അറേബ്യയിലേക്കുള്ള യാത്രയ്ക്കിടെ അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളി കുട്ടികളും അവരുടെ വീട്ടുജോലിക്കാരിയും മരിച്ചു. മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് സ്വദേശി മണിയൽ അബ്ദുൽ ലത്തീഫിന്റെ മക്കളാണ് അപകടത്തിൽപ്പെട്ടത്.
പുളിയക്കോട് കൂറ്റപ്പാറ ഇടിഞ്ഞാറുക്കുണ്ടിൽ താമസിക്കുന്ന മണിയൽ ബാപ്പുവിന്റെ മകനാണ് ലത്തീഫ്. ലത്തീഫും കുടുംബവും സഞ്ചരിച്ച വാഹനം അബുദാബിയിൽ വെച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ലത്തീഫിന്റെ മൂന്ന് മക്കളും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഹൗസ് മെയ്‌ഡും അപകടത്തിൽ മരിച്ചു.
മൃതദേഹങ്ങൾ നിലവിൽ അബുദാബിയിലെ മഫ്രഖ് (Mafraq) ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ. ലത്തീഫും കുടുംബവും വർഷങ്ങളായി പ്രവാസലോകത്ത് താമസിച്ചു വരികയാണ്. ഒരു കുടുംബത്തിലെ മൂന്ന് കുരുന്നുകളുടെ വിയോഗം കിഴിശ്ശേരി മേഖലയെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്
