മുൻ എംഎൽഎ അനിൽ അക്കര ഡിവൈഡർ തല്ലി തകർത്തു.
മുതുവറ:
തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിൽ മുതുവറ ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന യു-ടേൺ അടച്ചു കെട്ടിയതിൽ പ്രതിഷേധിച്ചാണ് മുൻ എംഎൽഎ അനിൽ അക്കര ഡിവൈഡർ തല്ലിത്തകർത്തത്. തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്ക് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് തിരിയണമെങ്കിൽ അമല ആശുപത്രി വരെ പോയി യൂ-ടേൺ എടുത്തു വരേണ്ട അവസ്ഥ വന്നതാണ് പ്രതിഷേധത്തിന് കാരണമായത്.
ഈ വിഷയത്തിൽ ജില്ലാ കളക്ടർക്ക് ഉൾപ്പെടെ അനിൽ അക്കര പരാതി നൽകിയിരുന്നുവെങ്കിലും, അധികൃതർ യു-ടേൺ അടച്ചുപൂട്ടുകയായിരുന്നു. ഇതേത്തുടർന്ന് വാഹനത്തിൽ അതുവഴി എത്തിയ അനിൽ അക്കര, ഡിവൈഡർ പണിക്കാരുടെ കൈയിലുണ്ടായിരുന്ന ചുറ്റിക വാങ്ങി യു-ടേൺ അടച്ച ഭാഗത്തെ ഡിവൈഡർ തല്ലിത്തകർക്കുകയായിരുന്നു.
ക്ഷേത്രത്തിലേക്ക് ഇരുവശത്തുനിന്നും വരുന്ന ഭക്തർക്കും പൊതുജനങ്ങൾക്കും പ്രവേശനം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അടാട്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേരത്തെ പന്തം കൊളുത്തി പ്രകടനം നടത്തിയിരുന്നു.
ബന്ധപ്പെട്ട അധികാരികൾക്ക് രേഖാമൂലം പരാതി നൽകിയിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായിരുന്നില്ല.
പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഈ നടപടിയിൽ പ്രതിഷേധിച്ചാണ് താൻ ഡിവൈഡർ തകർത്തതെന്നും ഈ റോഡ് പണിയിൽ വൻ അഴിമതിയാണ് നടന്നതെന്നും അതിന്റെ വിശദാംശങ്ങൾ പണി പൂർത്തിയായ ശേഷം പുറത്തുകൊണ്ടുവരും, എന്നും അനിൽ അക്കര വ്യക്തമാക്കി.
🔻🔻🔻🔻🔻🔻🔻🔻

