എട്ടാം ക്ലാസ് വിദ്യാർത്ഥിയെ സ്വകാര്യ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി

     പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി വി. എസ്.ആദിനാഥിനെയാണ് സ്വകാര്യ ബസ്സിലെ കണ്ടക്ടർ മർദ്ദിച്ചത്.




 വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ സ്കൂൾ വിട്ടതിനു ശേഷം പേരാമംഗലത്തെ ബസ്റ്റോപ്പിൽ നിന്ന് പാറന്നൂരിലെ വീട്ടിലേക്ക് പോകാനായി വിദ്യാർത്ഥി ബസ്സ് കയറുന്നതിനിടയ്ക്ക് ബാഗ് കണ്ടക്ടറുടെ ദേഹത്ത് തട്ടിയതിനെ തുടർന്ന്   കണ്ടക്ടർ വിദ്യാർത്ഥിയെ മർദ്ദിക്കുകയായിരുന്നു. വിദ്യാർത്ഥിയുടെ കഴുത്തിനു പിടിച്ച് പിന്നിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ ബസ്സിൽ നിന്ന് ഇറക്കി വിട്ടു. ജയ് ഗുരു ബസ്സിന്റെ കണ്ടക്ടറാണ് വിദ്യാർത്ഥിയെ മർദിച്ചത്. കഴുത്തിനും പുറത്തും പരിക്കേറ്റ വിദ്യാർത്ഥി കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കുവേണ്ടി മെഡിക്കൽ കോളേജിലും ചികിത്സ തേടി. പാറന്നൂർ വട്ടംപറമ്പിൽ സത്യന്റെ മകനാണ് മർദ്ദനമേറ്റ വി.എസ്. ആദിനാഥ്‌. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു