വടക്കാഞ്ചേരി ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ വാഴാനി റോഡിൽ മങ്കര ലക്ഷം വീട് ഉന്നതിക്ക് എതിർവശത്തെ ജനവാസ മേഖലയിലാണ് മൂന്ന് കാട്ടാനകൾ എത്തിയത്..
മരച്ചില്ലകൾ ഒടിക്കുന്ന ശബ്ദവും ആനയുടെ രൂക്ഷമായ ഗന്ധവും കേട്ട് ഉണർന്ന പ്രദേശവാസികൾ ടോർച്ച് തെളിയിച്ചും ബഹളം വെച്ചും ആനകളെ കാടുകയറ്റുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപും നഗരസഭയിലെ 17-ാം വാർഡിൽ ഉൾപ്പെടുന്ന ഈ പ്രദേശത്ത് കാട്ടാനകൾ ഇറങ്ങിയിരുന്നു.
നിലവിൽ ആനകൾ എത്തിയ സ്ഥലത്തു നിന്നും കേവലം 100 മീറ്റർ മാത്രം താഴേക്കിറങ്ങിയാൽ വാഴാനി റോഡിലെത്തും. ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തേക്ക് കാട്ടാനകൾ എത്തിയാൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇതിന് മുൻപായി കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ ആവശ്യമായ നടപടികൾ നഗരസഭയും വനം വകുപ്പും കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.
രാത്രികാലങ്ങളിൽ കാട്ടാനകൾ ഇറങ്ങിയാൽ എന്ത് ചെയ്യണമെന്നറിയാത്ത സാഹചര്യമാണെന്നും, റാപ്പിഡ് റെസ്‌പോൺസ് ടീമിൻ്റെ (RRT) നമ്പർ പ്രദേശവാസികൾക്ക് ലഭ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.