വടക്കാഞ്ചേരി എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ ഇനി മോഡൽ കരിയർ സെന്ററും;
54.75 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിച്ചു.
തലപ്പിള്ളി ടൗൺ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിനോട് അനുബന്ധിച്ച് മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനുള്ള 54.75 ലക്ഷം രൂപയുടെ പ്രവർത്തികൾ ആരംഭിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു.
സിവിൽ & ഇലക്ട്രിക്കൽ വർക്കുകൾക്കായി 15 ലക്ഷം രൂപയും, ഫർണീച്ചറിനും മറ്റുമായി 14.85 ലക്ഷം രൂപയും, ഐ.ടി. ഉപകരണങ്ങൾ വാങ്ങുന്നതിനായി 14.90 ലക്ഷം രൂപയും, തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനായി 10 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പദ്ധതിയുടെ എസ്റ്റിമേറ്റ് അംഗീകരിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി സംസ്ഥാന സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവായി. തൃശ്ശൂർ നിർമ്മിതി കേന്ദ്രയാണ് പദ്ധതിയുടെ നിർവ്വഹണ ഏജൻസി.
സെൻ്റർ യാഥാർത്ഥ്യമാകുന്നതോടെ സൗജന്യ പ്ലേസ്മെൻ്റ് ഡ്രൈവുകൾ, ജോബ് ഫെയറുകൾ, ഇൻ്റർവ്യൂകൾ, ട്രെയിനിംഗുകൾ, പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാനുള്ള സൗകര്യം കൂടി സജ്ജമാകും.
നിർമ്മാണം പൂർത്തിയാകുന്നതോടെ തൊഴിൽ അന്വേഷകരായ യുവാക്കൾക്ക് മികച്ച പരിശീലനം നൽകാൻ ഉതകുന്ന ഒരു കേന്ദ്രമായി തലപ്പിള്ളി മോഡൽ കരിയർ സെന്ററിനെ വികസിപ്പിക്കാനാകുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു.
ആറ് മുറികളിലാണ് മോഡൽ കരിയർ സെന്റർ സ്ഥാപിക്കുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇതുകൂടാതെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് പ്രവർത്തിക്കുന്ന ഹാളിൻ്റെ അറ്റകുറ്റ പണികൾക്കായി 3.45 ലക്ഷം രൂപയും കൂടുതലായി അനുവദിച്ചിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
🔻🔻🔻🔻🔻🔻🔻🔻