കുന്നംകുളത്തെ കസ്റ്റഡി മർദ്ദനം; 'പൊലീസുകാരെ പിരിച്ചുവിടണം'; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്
പോലീസുകാരുടെ മർദ്ദനമേറ്റ സുജിത്തിന്റെ വീട്ടിൽ വി ഡി സതീശൻ എത്തിയപ്പോൾ
യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത്തിനെ സ്റ്റേഷനിൽ ക്രൂരമായി മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നിലവിലെ ഡിഐജി പ്രതികൾക്കൊപ്പമാണെന്ന് വി ഡി സതീശൻ ആരോപിച്ചു. തീവ്രവാദികൾപ്പോലും ഇതുപോലത്തെ ക്രൂരത ചെയ്യില്ലെന്നും മർദ്ദിച്ച അഞ്ച് ഉദ്യോഗസ്ഥർ പ്രതിപ്പട്ടികയിൽപ്പോലുമില്ലെന്നും വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. സുജിത്ത് സ്റ്റേഷനിൽ നേരിട്ടത് ക്രൂരമായ മർദ്ദനമാണെന്നും ക്രിമിനലുകൾ പോലും ചെയ്യാത്ത കാര്യമാണ് പൊലീസുകാർ ചെയ്‌തതെന്നും സതീശൻ ആരോപിച്ചിരുന്നു. മർദ്ദിച്ചിട്ടും മർദ്ദിച്ചിട്ടും മതിവരാത്ത രീതിയിൽ സുജിത്തിനെ പൊലീസുകാർ മർദ്ദിച്ച് അവശനാക്കി. അതുംപോരാതെയാണ് കള്ളക്കേസിൽ കുടുക്കിയത്. എസ്ഐ ഉൾപ്പെടെ പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. അതിനിടെ സുജിത്തിനെ മർദ്ദിച്ച കേസിലെ പ്രതിയായ പോലീസുകാരൻ സജീവൻ്റെ വീട്ടിലേക്ക് ഇന്നലെ യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. കേസിലെ പ്രതികളായ സജീവൻ ഉൾപ്പെടെ നാലുപേരുടെ ചിത്രങ്ങൾ അടങ്ങിയ വാണ്ടഡ് എന്ന് എഴുതിയ പോസ്റ്ററുകൾ സജീവന്റെ വീടിന്റെ പരിസരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പതിച്ചു. സജീവൻ നാടിന് അപമാനം എന്ന ഫ്ലക്സ് ബോർഡുകളും വഴിയരികിൽ സ്ഥാപിച്ചു. തുടർന്ന് സജീവൻ്റെ വീട്ടിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞിരുന്നു.
🔻🔻🔻🔻🔻🔻🔻🔻🔻🔻