വോട്ടർ പട്ടികയിൽ ക്രമക്കേട്

 കേച്ചേരി: 

   ചൂണ്ടൽ പഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടികയിൽ വലിയക്രമക്കേട് നടന്നതായും നൽകിയ പരാതികളൊന്നും സെക്രട്ടറി പരിഗണിച്ചില്ലെന്നും കോൺഗ്രസ് ആരോപണം. വാർഡിൽ അതിർത്തി മാറി വോട്ട് ചേർത്തതിന് പുറമേ പെട്രോൾ പമ്പിലും പൂജ്യം എന്ന കെട്ടിടനമ്പറിലും വരെ വോട്ട് ചേർത്തിട്ടുണ്ടെന്ന് കെ.പി.സി.സി സെക്രട്ടറി സി.സി.ശ്രീകുമാർ പറഞ്ഞു.


കരട് പട്ടിക പുറത്തിറങ്ങിയപ്പോൾ തെറ്റുകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയെങ്കിലും പഞ്ചായത്ത് സെക്രട്ടറി ഇടപെട്ടില്ലെന്നും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 20 വാർഡുള്ള പഞ്ചായത്തിൽ എട്ടോളം വാർഡിലായി ആയിരത്തോളം വോട്ടിൽ കൃത്രിമം നടന്നിട്ടുണ്ട്. ജൂലായ് ഒമ്പതിന് പഞ്ചായത്ത് സെക്രട്ടറിക്കും എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ചൂണ്ടൽ പാടത്തെ പെട്രോൾ പമ്പിന്റെ വിലാസത്തിൽ രണ്ട് വോട്ട് ചേർത്തതായും കോൺഗ്രസ് ആരോപിക്കുന്നു.