നഗരസഭയില്‍ പി.എസ്.സി പഠനകേന്ദ്രം ആരംഭിച്ചു

  നഗരസഭയില്‍ പി.എസ്.സി പഠനകേന്ദ്രം ആരംഭിച്ചു

ലൈബ്രറിയിലൂടെ പി.എസ്.സി ജോലി നേടിയവരെയും ആദരിച്ചു

  


പി.എസ്.സി പരീക്ഷയില്‍ ഉന്നത വിജയം നേടി സര്‍ക്കാര്‍ ജോലി കരസ്ഥമാക്കുന്നതിനു വേണ്ടി, ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൌകര്യമൊരുക്കുന്ന പി.എസ്.സി പഠനകേന്ദ്രം കുന്നംകുളം നഗരസഭയുടെ ഏകലവ്യന്‍ സ്മാരക ലൈബ്രറിയില്‍ ആരംഭിച്ചു. 

ഏകലവ്യന്‍ സ്മാരക ലൈബ്രറിയിലൂടെ പി.എസ്.സി പരീക്ഷയ്ക്ക് പഠിച്ച് ഇതുവരെ 11 പേരാണ് ഉദ്യോഗം നേടിയത്. ഇതുമുന്‍നിര്‍ത്തി കൂടുതല്‍ പി.എസ്. സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗം നേടികൊടുക്കുന്നതിനു വേണ്ടിയാണ് 5 ലക്ഷം രൂപ ചെലവഴിച്ച് കുന്നംകുളം നഗരസഭ ലൈബ്രറിയുടെ മൂന്നാമത്തെ നിലയില്‍ പി.എസ്.സി പഠനകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. പി.എസ്.സി പഠിതാക്കള്‍ക്കു വേണ്ട പുസ്തകങ്ങള്‍, തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ ലൈബ്രറിയില്‍ നിന്ന് സൌജന്യമായി ഉപയോഗിക്കാനുള്ള അവസരവും നല്‍കും. രാവിലെ 8 മുതല്‍ വൈകീട്ട് 6 വരെയാണ് പഠിതാക്കള്‍ക്കുള്ള സമയം.  


നഗരസഭ ലൈബ്രറിയിലും ലൈബ്രറിയോടു ചേര്‍ന്നുള്ള സി.വി സ്മാരക ഹാളിലും കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി പി.എസ്.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് ജോലിയില്‍ പ്രവേശിച്ചവരെയും പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന എസ് സി, എസ് ടി കമ്മീഷന്‍ അംഗവും സംസ്ഥാന  ലൈബ്രറി കൌണ്‍സില്‍ കമ്മറ്റിയംഗവുമായ ടി.കെ വാസു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ സൌമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍ മിനി മോണ്‍സി, സെക്രട്ടറി കെ.കെ മനോജ്, ലൈബ്രേറിയന്‍ സില്‍വിയ റോസ് തുടങ്ങിയവര്‍ സംസാരിച്ചു. 


ശരണ്‍ജിത് (ലാബ് അസിസ്റ്റന്റ്), ടി.എസ്. അക്ഷയ് (കെ.എസ്.എഫ്.ഇ), പി.വി വിഷ്ണു, സുബിന്‍ (സിവില്‍ പോലീസ് ഓഫീസര്‍), സി.എ. അക്ഷയ് (ഐ.ആര്‍.ബി), ബിബിന്‍ (എല്‍.ജി.എസ്) എന്നിവരെയാണ് ആദരിച്ചത്. 11 പേരില്‍ മറ്റുള്ളവര്‍ സര്‍വീസില്‍ പ്രവേശിച്ചതിനാല്‍ ചടങ്ങിന് എത്തിയില്ല.


ഇവിടെ വന്ന് പഠിക്കുന്ന രണ്ടു ഉദ്യോഗാര്‍ത്ഥികള്‍ വിവിധ റാങ്ക്ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 22 പേര്‍ റാങ്ക് ലിസ്റ്റില്‍പെട്ടവരാണ്. 


കുന്നംകുളം നഗരസഭ പി.എസ്.സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി നടത്തുന്ന പി.എസ്.സി പഠനകേന്ദ്രം സമൂഹത്തിന് മാതൃകയാണെന്നും കൂടുതല്‍ പേര്‍ സര്‍ക്കാര്‍ സര്‍വ്വീസിലെത്താന്‍ ഇതുകൊണ്ട് സാധിക്കുന്നുണ്ടെന്നും നിയമന ഉത്തരവ് ലഭിച്ച സുബിന്‍ ആദര ചടങ്ങില്‍ അനുഭവങ്ങള്‍ പങ്കുവെച്ച് പറഞ്ഞു. നഗരസഭയ്ക്ക് പുറത്തുള്ള തന്നെപ്പോലെയുള്ളവര്‍ക്ക് പഠിക്കാനും പരീക്ഷയ്ക്ക് സജ്ജമാകാനും നഗരസഭ ലൈബ്രറിയിലൂടെ സാധിച്ചുവെന്നും ഇനിയും കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കി നഗരസഭ കൂടുതല്‍ പേരെ  സര്‍ക്കാര്‍ സര്‍വ്വീസിലെത്തിക്കണമെന്നും സുബിന്‍ കൂട്ടിച്ചേര്‍ത്തു.  


ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിയും കൂടുതല്‍ സൌകര്യങ്ങളൊരുക്കാന്‍ നഗരസഭ സജ്ജമാണെന്നു നഗരസഭ ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.