സെപ്റ്റംബർ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ

 ♥️ സെപ്റ്റംബർ 14: വിശുദ്ധ കുരിശിന്റെ പുകഴ്ച്ചയുടെ തിരുനാൾ ♥️


 കുറുമാൽ സെന്റ് ജോർജ്ജ് ദൈവാലയത്തിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ  ഇന്ന് (14/09/25) ഭക്ത്യാദരങ്ങളോടെ ആഘോഷിച്ചു. ഇടവക വികാരി  റവ. ഫാ. ഡോ. സേവ്യർ ക്രിസ്റ്റി പള്ളിക്കുന്നത്ത്  തിരുകർമ്മങ്ങൾക്ക്     കാർമികത്വം വഹിച്ചു. 

 തുടർന്ന് കുരിശു ചുംബനവും അനുഗ്രഹ പ്രാർത്ഥനയും  ഉണ്ടായിരുന്നു.

 ❗എന്താണ് കുരിശിന്റെ തിരുനാൾ  ?❗

                    👇

വിശുദ്ധ കുരിശിൻ്റെ പുകഴ്ച്ചയുടെ തിരുനാൾ ദൈവത്തിൻ മനുഷ്യമക്കളോടുള്ള സ്നേഹത്തിന്റെ തിരുനാളാണ്. തൻ്റെ ഏകജാതനെ നല്കാൻ മാത്രം ലോകത്തെ നമ്മെ സ്നേഹിച്ച ദൈവത്തിൻ്റെ സ്നേഹത്തിന്റെ തിരുനാൾ. നമ്മുടെ രക്ഷയ്ക്കായി കുരിശുമരണത്തോളം കീഴടങ്ങിയ അനുസരണത്തിന് വിധേയപ്പെട്ട യേശുവിന്റെ സ്നേഹത്തിൻ്റെ തിരുനാൾ.

    ചരിത്രം👇


ലോക രക്ഷകനായ യേശുക്രിസ്‌തു ക്രൂശിക്കപ്പെട്ട കുരിശ് കണ്ടെത്താനായി കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ അമ്മയായ ഹെലേന രാജ്ഞി ജറുസലേമിലെത്തി. കഠിനശ്രമങ്ങൾക്കൊടുവിൽ കാൽവരിയിൽ നിന്നും മൂന്നു കുരിശുകൾ കണ്ടെടുത്തു. എന്നാൽ അവയിൽ നിന്നും യേശു മരണം വരിച്ച കുരിശ് ഏതാണെന്ന് കണ്ടു പിടിക്കാൻ സാധിച്ചില്ല. അതേതുടർന്ന് വിശുദ്ധ മക്കാറിയൂസ് മെത്രാന്റെ നിർദേശപ്രകാരം, രോഗ സൗഖ്യത്തിന് ഒട്ടും സാധ്യതയില്ലാത്ത അസുഖം ബാധിച്ച ഒരു സ്ത്രീയുടെ ശരീരത്തിൽ ആ മൂന്ന് കുരിശുകളും കൊണ്ട് സ്പർശിച്ചു. അപ്രകാരം മൂന്നാമത്തെ കുരിശ് മുട്ടിച്ചപ്പോൾ ഉടനെതന്നെ ആ സ്ത്രീ എഴുന്നേൽക്കുകയും പരിപൂർണ്ണമായി സൗഖ്യം പ്രാപിക്കുകയും ചെയ്‌തു. സന്തോഷത്താൽ മതിമറന്ന ആ ചക്രവർത്തിനി കാൽവരിയിൽ ഒരു ദേവാലയം പണികഴിപ്പിക്കുകയും ഈശോയുടെ കുരിശ് അവിടെ സ്ഥാപിക്കുകയും ചെയ്തു.

എഡി 326 ൽ യേശുവിനെ കുരിശിൽ തറച്ച യഥാർത്ഥ കുരിശു കണ്ടെത്തിയത് എന്നാണ് ചരിത്രം. എന്നാൽ പേർഷ്യൻ രാജാവായിരുന്ന കൊസ്‌റോവാസ് ഇത് കയ്യടക്കി. എഡി 629ൽ, ഹെരാലിയൂസ് ചക്രവർത്തി വിശുദ്ധ കുരിശ് വീണ്ടെടുത്ത് ജെറുസലേമിൽ കൊണ്ടുവന്ന് സംരക്ഷിച്ചു. കുരിശ് സ്വന്തം തോളിൽ ചുമന്നുകൊണ്ടാണ് ഹെറാലിയസ് ചക്രവർത്തി കാൽവരിയിലേക്ക് നീങ്ങിയത്. 

വിലയേറിയ വസ്ത്രങ്ങൾ ധരിച്ച്, വിശേഷ രത്നക്കല്ലുകൾ പതിച്ച ആഭരണങ്ങളുമണിഞ്ഞാണ് ചക്രവർത്തി കുരിശ് ചുമന്നത്. കാൽവരിയുടെ കവാടത്തിലെത്തിയപ്പോൾ, ഒരതിശയകരമായ സംഭവം ഉണ്ടായെന്ന് ചരിത്രകാരൻമാർ പറയുന്നു.

ചക്രവർത്തി കുരിശും പിടിച്ച് കാൽവരിയുടെ കവാടത്തിൽ നിന്നുപോയി. എത്ര ശ്രമിച്ചിട്ടും, മുന്നോട്ട് നീങ്ങാൻ സാധിക്കുന്നില്ല. അത്ഭുതപ്പെട്ടു നിന്നിരുന്ന ചക്രവർത്തിയോട്, അന്നത്തെ ജറുസലേമിന്റെ ബിഷപ്പായിരുന്ന സഖറിയാസ് ഇങ്ങനെ വിളിച്ചു പറഞ്ഞു; 'സർവ്വാധികാരിയായ രാജാവേ യേശുവിന്റെ കുരിശു യാത്രയിലെ വസ്ത്രവും, അങ്ങയുടെ വിജയ ശ്രീലാളിത ആട ആഭരണങ്ങളും തമ്മിൽ എന്ത് ചേർച്ചയുണ്ടന്ന് ചിന്തിക്കുക'. കുരിശെടുഞ്ഞപ്പോൾ, യാത്ര തുടരുവാൻ സാധിച്ചുവത്രേ.

അതിനുശേഷമാണ് കുരിശിന്റെ പുക്‌ഴചയുടെ തിരുനാൾ തിരുസഭയിൽ സാർവത്രികമായത്. കുരിശ് പ്രാർത്ഥനാക്രമം ഒരു വിജയാഹ്ല‌ാദത്തിന്റെ ആരാധനക്രമമാണ്. ക്രിസ്തുവിനെ അനുഗമിക്കുവാൻ നാം അവന്റെ കുരിശെടുത്ത് മരണത്തോളം അനുസരണയുള്ളവരായിത്തീരണമെന്ന് ഈ ദിവസം നമ്മെ ഓർമിപ്പിക്കുന്നു.

പ്രാർത്ഥന: ഓ, ആരാധ്യനായ ദൈവമേ, രക്ഷകനായ യേശുക്രിസ്‌തുവേ, അങ്ങ് ഞങ്ങളുടെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ചുവല്ലോ. വിശുദ്ധ കുരിശേ, എന്റെ സത്യപ്രകാശമായിരിക്കണമേ, ഓ വിശുദ്ധ കുരിശേ, എൻ്റെ ആത്മാവിനെ സത്ചിന്തകൾകൊണ്ട് നിറയ്ക്കണമേ. എല്ലാ തിന്മകളിൽനിന്നും എന്നെ മോചിപ്പിക്കണമേ. എല്ലാ അപകടങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽനിന്നും എന്നെ രക്ഷിക്കണമേ. ഓ വിശുദ്ധ കുരിശേ, എനിക്ക് നിത്യജീവൻ നൽകണമേ. 🙏