പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു; നാല് ആഴ്ചത്തേക്ക് ടോൾ വേണ്ടെന്ന് ഉത്തരവ്

 പാലിയേക്കര ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞു; നാല് ആഴ്ചത്തേക്ക് ടോൾ വേണ്ടെന്ന് ഉത്തരവ്

തൃശ്ശൂർ:

  പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ ദേശീയപാത അതോറിറ്റി പരാജയപ്പെട്ടതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ കെപിസിസി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് അടക്കമുള്ളവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. അഡ്വ. ജോസഫ് ടാജറ്റ്, അഡ്വ. ഒ.ജെ. ജനീഷ് എന്നിവരും ഈ വിഷയത്തിൽ ഹർജികൾ നൽകി.

നേരത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൂന്നാഴ്ചത്തെ സമയം വേണമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, റോഡിന്റെ ശോച്യാവസ്ഥയും ഗതാഗതക്കുരുക്കും കാരണം പൊതുജനം ദുരിതത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ടോൾ പിരിവ് നാല് ആഴ്ചത്തേക്ക് നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ സ്വീകരിച്ച നടപടികൾ റിപ്പോർട്ടായി സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.