25 വർഷത്തിൻ്റെ നിറവിൽ വിദ്യ ഇൻ്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് :


  25 വർഷത്തിൻ്റെ നിറവിൽ വിദ്യ ഇൻ്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് : സിൽവർ ജൂബിലി ആഗസ്റ്റ്  16 , 17 തിയ്യതികളിൽ 



 തലക്കോട്ടുകര:

   ശ്രീനാരായണ ഗുരുദേവൻ്റെ   സന്ദേശങ്ങളിൽ നിന്നുളള പ്രചോദനം  ഉൾക്കൊണ്ട്  രൂപം കൊടുത്ത പ്രവാസികളുടെ കൂട്ടായ്മയായ 'വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്' നിസ്വാർത്ഥസേവനത്തിൻ്റെയും  വിജ്ഞാന പ്രകാശത്തിൻ്റെയും 25 ാം വർഷം.  

കേച്ചേരി തലക്കോട്ടുകര വിദ്യാ ക്യാമ്പസിൽ 16 ന് രാവിലെ 9.30 ന് കേന്ദ്രസഹമന്ത്രി   സുരേഷ് ഗോപി ഉദ്ഘാടനം നിർവഹിക്കും.ചെയർമാൻ സാബു സൗമ്യൻ അദ്ധ്യക്ഷനാകും. 'വിദ്യാചരിത്രം' പ്രകാശനം സുരേഷ് ഗോപി നിർവഹിക്കും. ഡയറക്ടർമാരേയും ഉപദേശകസമിതി അംഗങ്ങളേയും പ്രിൻസിപ്പൽമാരേയും ആദരിക്കും. തുടർന്ന് കലാപരിപാടികളുണ്ടാകും. 17 ന് വിദ്യ യൂത്ത് ഡേ ആഘോഷിക്കും.    25 വർഷത്തിനിടെ, ട്രസ്റ്റ് കേരളത്തിൽ രണ്ട് എൻജിനീയറിംഗ് കോളേജുകളും ഒരു പരിശീലന കേന്ദ്രവും സ്ഥാപിച്ചിരുന്നു.   സാമ്പത്തികമായി പിന്നോക്കമായ 6,300 ത്തിലധികം വിദ്യാർത്ഥികൾക്ക്  91 കോടിയിലേറെ രൂപ സ്‌കോളർഷിപ്പായി വിതരണം ചെയ്തതായും വി.ഐ. സി.ടി മുൻ ചെയർമാൻ സുധാകരൻ പോളശ്ശേരി പത്രസമ്മേളനത്തിൽ പറഞ്ഞു. 

 2003ൽ വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന പേരിൽ 240 വിദ്യാർത്ഥികളുമായി നാലു എൻജിനീയറിംഗ്  ശാഖകളിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് 2500ലധികം വിദ്യാർത്ഥികളുണ്ട്.  നിലവിൽ ആറ്   ശാഖകളിൽ ബി.ടെക് കോഴ്‌സുകളും, എം.ടെക്, എം.സി.എയും  എഞ്ചിനീയറിംഗിലെയും ഗണിതശാസ്ത്രത്തിലെയും പി.എച്ച്.ഡി. പ്രോഗ്രാമുകളും നടത്തുന്നു.   

  2013 ൽ കിളിമാനൂരിൽ  ആരംഭിച്ച വിദ്യ അക്കാഡമി ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി ടെക്‌നിക്കൽ ക്യാമ്പസിൽ  നാല് ബി.ടെക് കോഴ്സുകളുണ്ട്.  മുൻ ചെയർമാൻ സുധാകരൻ പോളശ്ശേരി , 

വൈസ് ചെയർമാൻ ഗിരീഷ് കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ പി.പി.ഷാജി, വി.ഐ.സി.ടി എക്സിക്യൂട്ടീവ് ഡയറക്ടർ സുരേഷ് ലാൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.