തകർന്ന കൈപ്പറമ്പ്-തലക്കോട്ടുകര റോഡ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോൺഗ്രസ്,

 തകർന്ന കൈപ്പറമ്പ്-തലക്കോട്ടുകര റോഡ് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള കോൺഗ്രസ്, 

  അധികൃതർക്കെതിരെ രൂക്ഷവിമർശനം


  കൈപ്പറമ്പ്:

 ജീവൻരക്ഷാ കേന്ദ്രങ്ങളിലേക്ക് പോലും രോഗികൾക്ക് എത്തിച്ചേരാൻ സാധിക്കാത്തവിധം തകർന്നു തരിപ്പണമായ കൈപ്പറമ്പ്-തലക്കോട്ടുകര റോഡിന്റെ ശോചനീയാവസ്ഥയിൽ അധികാരികൾ കാണിക്കുന്ന നിസ്സംഗതയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് രംഗത്ത്.

 റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി സർക്കാർ ഉടൻ ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


"നിസ്സഹായരായ ഡയാലിസിസ് രോഗികൾക്ക് പോലും ചികിത്സാ കേന്ദ്രങ്ങളിലേക്ക് സുഗമമായി എത്താൻ കഴിയാത്തവിധം കൈപ്പറമ്പ്-തലക്കോട്ടുകര റോഡ് തകർന്നു തരിപ്പണമായിട്ടും അധികാരികൾ മുഖം തിരിക്കുന്നത് അങ്ങേയറ്റം നിർഭാഗ്യകരവും ഖേദകരവുമാണ്,"


 സി.വി. കുര്യാക്കോസ് രൂക്ഷമായ ഭാഷയിൽ പറഞ്ഞു.

 കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാനും റോഡ് സുരക്ഷാ സംഘടനയായ 'ആക്ട്സി'ന്റെ പ്രഥമ സെക്രട്ടറിയുമായ


 ഫാ. ഡേവിസ് ചിറമ്മലിൻ്റെ നേതൃത്വത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഡയാലിസിസ് സെൻ്ററിലേക്ക് രോഗികൾക്ക് സുഖമമായി സഞ്ചരിക്കാൻ പാകത്തിൽ റോഡ് നവീകരിക്കുന്നതിന് വേണ്ടി ബക്കറ്റ് പിരിവ് നടത്തേണ്ടി വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അത് സർക്കാരിന് അതിലും വലിയ നാണക്കേടാണെന്നും സി.വി. കുര്യാക്കോസ് ചൂണ്ടിക്കാട്ടി.

 കൈപ്പറമ്പ് സെന്ററിൽ മീഡിയൻ ഗ്യാപ്പ് ഇടാതെ ഡിവൈഡർ പണിതതിലും കേരള കോൺഗ്രസ് ശക്തമായ പ്രതിഷേധം അറിയിച്ചു.രണ്ട് സംസ്ഥാനപാതകളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ പ്രാധാന്യം സർക്കാർ മനസ്സിലാക്കണം.വർഷങ്ങളായി തകർന്നുകിടക്കുന്നതുകൊണ്ടാണ് ഈ വഴിയിലൂടെയുണ്ടായിരുന്ന ബസ് സർവീസുകൾ നിർത്തിവെച്ചതെന്നും, സംസ്ഥാന പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിൽ ഈ റോഡിന് നിർണായക പങ്കുണ്ടെന്നും കുര്യാക്കോസ് ഓർമ്മിപ്പിച്ചു.വിദ്യാ കോളേജ്, ഗാഗുൽത്താ ധ്യാനകേന്ദ്രം, ഡയാലിസിസ് സെന്റർ, കിഡ്നി ഫെഡറേഷൻ ഹെഡ് ഓഫീസ് തുടങ്ങി നിരവധി പ്രധാന സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ റോഡിന് ഒരു വിലയും കൽപ്പിക്കാത്ത അധികാരികൾ കൈപ്പറമ്പ് സെന്ററിൽ ഈ വഴിയിലേക്ക് ഡിവൈഡർ ഗ്യാപ്പ്  സ്ഥാപിക്കണമെന്നും, കുഴികൾ അടച്ച് റോഡ് പി.ഡബ്ല്യു.ഡി. ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.