സംസ്ഥാനപാതയിലെ മരണകുഴികൾ.
അത്താണിയിൽ ഭീമൻ ഐസ് കട്ടയിൽ പെയിൻ്റ് അടിച്ച് കോൺഗ്രസിന്റെ പ്രതിഷേധം.
കനത്ത മഴയിലും പാറമണലും മെറ്റലും ഉപയോഗിച്ച് സംസ്ഥാനപാതയിലെ കുഴികൾ അടക്കുന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ തലതിരിഞ്ഞ പ്രവർത്തനങ്ങൾക്കെതിരെയാണ് വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്. കഴിഞ്ഞദിവസം കുഴിയടച്ച് 24 മണിക്കൂറിനുള്ളിൽ വീണ്ടും കുഴികൾ തുറന്നതോടെയാണ്
പ്രഹസന നടപടികൾക്കെതിരെ കോൺഗ്രസ് പ്രവർത്തകർ
പ്രതിഷേധവുമായി രംഗത്തെത്തിയത്.
റോഡരികിലിട്ട ഭീമൻ ഐസ് കട്ടയിൽ
പെയിൻ്റ് അടിച്ചു പ്രതിഷേധിച്ച പ്രവർത്തകർ ഇതുപോലെയാണ് ഇടതു സർക്കാരിന്റെ റോഡ് നവീകരണ പ്രവർത്തനങ്ങളെന്നും പരിഹസിച്ചു.
ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അത്താണി, കെൽട്രോൺ, കുറാഞ്ചേരി പ്രദേശങ്ങളിലായി നിരവധി ഭീമൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. മേഖലയിൽ അപകടങ്ങളും തുടർക്കഥയായതോടെയാണ് കോൺഗ്രസ് സമരമുഖത്ത് എത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്താണിയിൽ കുഴിയിൽ ചാടി 3 ഇരുചക്ര വാഹനങ്ങൾ കൂട്ടത്തോടെ അപകടത്തിൽപ്പെട്ട സംഭവത്തിൽ യുവതി ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് കരാറുകൾ മെറ്റലും പാറമണലും കുഴികളിൽ നിറയ്ക്കുന്നതും പതിവായിരുന്നു. എന്നാൽ മഴയിൽ ഇവ അതിവേഗം ഒലിച്ചു പോവുകയും അപകടങ്ങൾക്ക് ഒരു ശമനവും ഇല്ല എന്നതാണ് സ്ഥിതിയെന്നും നേതാക്കൾ പറയുന്നു. റോഡ് നിർമ്മാണത്തിലെ അഴിമതിയാണ് അതിവേഗം റോഡ് തകരുന്നതിന് കാരണമായതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ഡിസിസി സെക്രട്ടറി കെ അജിത് കുമാർ ഉദ്ഘാടനം ചെയ്തു. മുണ്ടത്തിക്കോട് മണ്ഡലം പ്രസിഡൻ്റ് സിഎച്ച് ഹരീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ സിഎ ജെയിംസ്, ബാബു കണ്ണനായ്ക്കൽ, നഗരസഭ കൗൺസിലർ കെഎം ഉദയബാലൻ,
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സുജീഷ് കണ്ണൻ, നിയോജകമണ്ഡലം സെക്രട്ടറി കെജി ലിജേഷ്, അത്താണി വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഫ്രാൻസിസ്, ബൂത്ത് പ്രസിഡണ്ട് ജെൻസൺ തുടങ്ങിവർ നേതൃത്വം നൽകി.
