കോളങ്ങാട്ടുക്കര കമ്പിപാലം തിങ്കളാഴ്ച പൊളിച്ചു തുടങ്ങും;പാലം റോഡിലൂടെ ഭാരവാഹനങ്ങൾ നിരോധിച്ചു
താൽക്കാലികമായി☝️ ഉണ്ടാക്കിയ ബണ്ട് റോഡ്
കൊട്ടേക്കാട് - മുണ്ടൂർ റോഡിലെ കോളങ്ങാട്ടുകാര പാലത്തിന്റെ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി പഴയ പാലം തിങ്കളാഴ്ച മുതൽ പൊളിച്ചു തുടങ്ങും. ഇതിൻ്റെ സമീപത്തായി താൽക്കാലികമായി ബണ്ട് റോഡ് നിർമ്മിച്ചിട്ടുണ്ടെങ്കിലും ഭാരവാഹനങ്ങൾ ഈ പാതയിലൂടെ കടന്നുപോകുന്നത് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം പൂർണ്ണമായും നിരോധിച്ചു.
പുതിയ പാലത്തിന് 25.00 മീറ്റർ നീളവും പാലത്തിനിരുവശത്തും 1.50 മീറ്റർ വീതിയിൽ ഫുട്ട്പാത്തുകളോടു കൂടി 11 .00 മീറ്റർ വീതിയുമാണുള്ളത്.അപ്രോച്ച് റോഡ് ടൈൽ വിരിക്കുന്ന പ്രവൃത്തി ഉൾപ്പെടെയാണ് പുതിയപാലം നിർമ്മിക്കുന്നത്.സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ശുപാർശ പ്രകാരം പാലത്തിൻ്റെ പുനർനിർമ്മാണ പ്രവൃത്തിയ്ക്ക് നബാഡ് ആർഐഡിഎഫ് ഫണ്ടിൽ ഉൾപ്പെടുത്തി താൽക്കാലിക ബണ്ട് ഉൾപ്പെടെ 598 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയപാലം നിർമ്മിക്കുന്നത്.12.70 കോടി ചെലവഴിച്ച് പാലം സ്ഥിതി ചെയ്യുന്ന കൊട്ടക്കാട് മുണ്ടൂർ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിനുള്ള പ്രവർത്തികളും നടന്നു വരികയാണ്.പാലം ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ജില്ലയിലെ പ്രധാന വ്യവസായ മേഖലയായ മുണ്ടൂർ വ്യവസായ എസ്റ്റേറ്റ് , ഗവ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സൗകര്യവും കൂടുതൽ ഗുണകരമാകും.