പ്രതിപക്ഷ അംഗങ്ങളുടെ ഇറങ്ങി പോക്കും ടാ..പോടാ. വിളിയും

 കേച്ചേരി : മണലി കനാൽ ബണ്ട് പരിസരത്ത് 5 ഏക്കറിലേറെ വരുന്ന ഭൂമിയിൽ  തട്ട് തിരിക്കൽ, ചുറ്റുമതിൽ നിർമ്മാണം എന്നിവ നടത്തുകയും കൂടാതെ ഇറിഗേഷൻ വകുപ്പിന്റെ കീഴിൽ കിടക്കുന്ന കനാൽ പുറമ്പോക്ക് ഭൂമിയിൽ തങ്ങളുടെ ഭൂമി പ്ലോട്ട് തിരിച്ചു വിൽക്കുന്നതിനുള്ള സൗകര്യത്തിനു വേണ്ടി റോഡിന്റെ ഫോർമേഷൻ പ്രവർത്തനവും നടത്തി.

 ഈ നിയമവിരുദ്ധ നിർമ്മാണം വിജിലൻസ് അന്വേഷിക്കണമെന്ന് ഇന്നലെ നടന്ന ചൂണ്ടൽ ഗ്രാമപഞ്ചായത്ത് യോഗത്തിൽ യുഡിഎഫ് മെമ്പർമാർ ആവശ്യപ്പെട്ടു. 

   സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പർ, ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചകൾക്കു മുമ്പ് തന്നെ ഈ പ്രവർത്തി തടഞ്ഞ് പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. 

   എന്നാൽ പരാതി അന്വേഷിക്കുവാനോ, നിർമ്മാണ പ്രവർത്തനം നിർത്തിവെപ്പിക്കുവാൻ നോട്ടീസ് നൽകുവാനോ പഞ്ചായത്ത് ഭരണസമിതി തയ്യാറാകാതെ 

  കനാൽ ബണ്ടിൽ സ്വന്തം ചെലവിൽ റോഡ് നിർമ്മാണം നടത്താമെന്ന പേരിൽ ഭൂമാഫിയ സംഘം പഞ്ചായത്തിൽ നൽകിയ അപേക്ഷ പഞ്ചായത്തിൽ നാളിതുവരെ സമർപ്പിക്കപ്പെട്ട മറ്റ് അപേക്ഷകളുടെ മുൻഗണന മറികടന്ന് യോഗത്തിൽ അജണ്ടയായി കൊണ്ടുവന്നു. 

   അതിന് എതിരെ പ്രതിപക്ഷ നേതാവ് ആന്റോപോൾ എതിർക്കുകയും ഈ സംഭവം വിജിലൻസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് യോഗത്തിൽ സംസാരിക്കുമ്പോൾ ഭരണസമിതി അംഗങ്ങൾ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെ ടാ .... പോടാ..... വിളി നടത്തി. പഞ്ചായത്ത് ഭരണസമിതി യോഗം ബഹളത്തിൽ കലാശിച്ചു.



പ്രസ്തുത വിഷയത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ആന്റോ പോൾ, ധനേഷ് ചുള്ളിക്കാട്ടിൽ, എൻ.ഡി.സജിത്ത് കുമാർ,നെജുല സിറാജുദ്ധീൻ എന്നീ പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങി പോക്ക് നടത്തി