മരണം വഴിമാറി തിരുപ്പതി ജീവിതത്തിലേക്ക്

 മരണം വഴിമാറി തിരുപ്പതി ജീവിതത്തിലേക്ക്

അമല നഗര്‍: 

   തമിഴ്നാട് ട്രിച്ചി ജില്ലയിലെ പെത്താന്‍കോന്‍പട്ടി ഗ്രാമത്തിലെ തിരുപ്പതി ചിന്നയ്യ (48 വയസ്സ്) തന്‍റെ ജീവിതപ്രാരാബ്ധങ്ങള്‍ക്ക് ഒരു കൈതാങ്ങ് ആകുമെന്ന് വെച്ചാണ് തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂരില്‍ ജോലിക്കായ് എത്തിയത്. പറപ്പൂരിലെ പഴയമണ്ണ് ഇഷ്ടികവീട് പൊളിച്ചുമാറ്റുന്ന ജോലി ചെയ്ത്കൊണ്ടിരിക്കെ ചുമര്‍ പൂര്‍ണ്ണമായും ഒറ്റയടിക്ക് ദേഹത്തേയ്ക്ക് പതിച്ചു. തലമാത്രമാണ് പുറത്ത് കാണുവാനുണ്ടായിരുന്നത്.

 സഹതൊഴിലാളികളും നാട്ടുകാരും ഏറെപണിപ്പെട്ടാണ് തിരുപ്പതിയെ പുറത്തെടുത്തത്. ഉടന്‍തന്നെ അവര്‍ അമല മെഡിക്കല്‍ കോളേജ് എമര്‍ജന്‍സി വിഭാഗത്തില്‍ എത്തിച്ചു. തിരുപ്പതിയെ ആദ്യമായി പരിശോധിച്ച ഡോ.റോസ് മേരി ജോസഫ്, ഡോ.ലീനസ് ജേക്കബ്, ഡോ.മുഹമ്മദ് യാസര്‍ എന്നിവരുടെ ധൃതഗതിയിലുള്ള ഇടപെടല്‍ മൂലം രോഗിയുടെ നിലച്ചുപോയ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും പ്രവര്‍ത്തനം ഒരു വിധം നോര്‍മല്‍ ആക്കാന്‍ സാധിച്ചു. ഏകദേശം 10 ബോട്ടില്‍ ബ്ലഡും പ്ലാസ്മയും പ്ലേറ്റ്ലെറ്റും നല്‍കിയാണ് രോഗിയുടെ ജീവന്‍ നിലനിര്‍ത്തിയത്. എക്സറെ, സി.ടി.സ്കാന്‍ പരിശോധനയിലൂടെയാണ് ശരീരക്ഷതത്തിന്‍റെ ഏകദേശരൂപം വെളിപ്പെട്ടത്. ലിവര്‍ ഏകദേശം ചതഞ്ഞമര്‍ന്നിരുന്നു. കൂടാതെ 8 വാരിയെല്ലുകളും ഒടിഞ്ഞിരുന്നു. ഇതിനാല്‍ തന്നെ ധാരാളം രക്തം വാര്‍ന്ന് പോയിരുന്നു. ഡോ.ലിന്‍റോ ജോണ്‍, ഡോ.മുഹമ്മദ് അഷറഫ്, ഡോ.തെസ്നിയ, ഡോ.അന്‍ജുഷ എന്നിവരുടെ ടീം സങ്കീര്‍ണ്ണമായ സര്‍ജറിയിലൂടെ ലിവര്‍ പാക്ക് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം സര്‍ജറിയിലൂടെ പാക്ക് എടുത്ത് മാറ്റുകയും ചെയ്തു. സാമൂഹ്യ പ്രവര്‍ത്തകനും വ്യവസായിയുമായ ലാല്‍ അരക്കുളത്താണ് തിരുപ്പതിയുടെ ചികിത്സാചിലവ് മുഴുവനായും അമല ആശുപത്രി അധികൃതരുടെ കാരുണ്യപൂര്‍ണ്ണമായ സഹകരണത്തോടെ വഹിച്ചത്. 10 ദിവസത്തിന് ശേഷം ഇന്ന് തിരുപ്പതി, ആശുപത്രിയില്‍ നിന്നും ഡിസചാര്‍ജ്ജ് വാങ്ങി തന്നെ രക്ഷിച്ച ഡോക്ടര്‍മാരോടും അമല ആശുപത്രിയിലെ ജീവനക്കാരോടും നന്ദിയര്‍പ്പിച്ച് നാട്ടിലേക്ക് മടങ്ങി; പൂര്‍ണ്ണ ആരോഗ്യവാനായി.