ഒരിക്കലും മറക്കാനാകാത്ത ആകാശ യാത്ര
സ്വപ്നം യാഥാർത്ഥ്യമായ സന്തോഷത്തിലാണ്.
അടാട്ട് ഗ്രാമ പഞ്ചായത്തിലെ നാലാം വാർഡിലെ മഹാലക്ഷ്മി കുടുംബശ്രീ അംഗങ്ങളാണ് വിമാനത്തിലൂടെയുള്ള ആകാശ യാത്ര ചെയ്ത് മടങ്ങിയെത്തിയത്. അവരുടെ സന്തോഷത്തിന്റെയും ആശങ്കയുടെയും അപ്പുറത്ത് ജീവിതത്തിൽ ഒരിക്കലും സാധിക്കില്ല എന്ന് കരുതിയ ഒരു സ്വപ്നയാത്രയാണ് കുടുംബശ്രീയിലൂടെ സാധ്യമായതെന്ന് പറഞ്ഞു.
വിമാനത്തിന്റെ ചെറുരൂപം ആകാശത്തിലൂടെ പോകുന്നത് അല്ലാതെ നേരിട്ട് വിമാനത്തെ അടുത്തുനിന്ന് കാണുവാൻ പോലും പലർക്കും ഇതുവരെയും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല. ആ സ്വപ്നമാണ് ഇപ്പോൾ സഫലമായതെന്നും പറഞ്ഞു. .ഏറെ നാളത്തെ ആഗ്രഹമായിരുന്നു വിമാനത്തിൽ കയറി മേഘങ്ങളുടെ ഇടയിലൂടെ പറക്കണം മെന്നത്. ഏറെ വൈകിയാണെങ്കിലും കുടുംബശ്രീയിലൂടെ ആ ആഗ്രഹം സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് കുടുംബശ്രീ കൂട്ടായ്മ. അമ്പത് വയസ്സു മുതൽ എഴുപത്തിയഞ്ച് വയസ്സിനിടയിൽ പ്രായമുള്ള 36 അംഗ വനിതാ കൂട്ടായ്മയാണ് വിനോദത്തിന്റെ ഭാഗമായി വിമാന യാത്ര നടത്തിയത്.
വിമാന യാത്രയ്ക്കുള്ള ചിലവ് രണ്ടുവർഷം മുമ്പേ ആഴ്ചയിൽ 50 രൂപ വീതം മാറ്റിവച്ചാണ് പണം സ്വരുക്കൂട്ടിയത് . തികയാത്ത പൈസ പലരും കുടുംബശ്രീയിൽ നിന്ന് പലിശരഹിത വായ്പയും എടുത്തിരുന്നു. വിമാന ടിക്കറ്റ്, ബാംഗ്ലൂരിലെ സന്ദർശനം, തിരിച്ചു പോന്ന ട്രെയിൻ ടിക്കറ്റ് എല്ലാറ്റിനും കൂടി ഒരാൾക്ക് 6000 രൂപയോളം ചെലവ് വന്നു .ബാംഗ്ലൂരിലെ ലാൽബാഗ്, ഫിനിക്സ് മാൾ,ശിവാജി നഗർ മാർക്കറ്റ് എന്നിവിടങ്ങളിൽ സന്ദർശിച്ച ശേഷം മടങ്ങി.
വിമാനത്തിൽ പറന്നുയർന്നതും മേഘങ്ങൾക്ക് മീതെ പറന്നതും,ബാംഗ്ലൂർ സന്ദർശനവും എല്ലാം ജീവിതത്തിൽ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്നും. ഈ യാത്രക്ക് അടാട്ട് സിഡിഎസ് നൽകിയ പിന്തുണ വലുതാണെന്നും കുടുംബശ്രീയുടെ പ്രവർത്തനം കൊണ്ട് മാത്രമാണ് സ്വപ്നം യാഥാർത്ഥ്യമാക്കാൻ സഹായിച്ചതെന്ന് ഇവർ പറയുന്നു.
ഇതുപോലുള്ള യാത്രകൾക്ക് എല്ലാ പിന്തുണയും സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎയുടെ ഭാഗത്തുനിന്നും പഞ്ചായത്ത് പ്രസിഡന്റ് സിമി അജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടാവുകയും അവരെ യാത്രയാക്കാൻ എത്തുകയും ചെയ്തിരുന്നു.






