ബോബ് സ്ക്വാഡ് ഉൾപ്പെടെ വാഴക്കോട് മേഖലയിലെത്തി പരിശോധനയും നടത്തി

 വടക്കാഞ്ചേരി, മച്ചാട് വനം റേഞ്ചുകളിൽ നായാട്ടു സംഘങ്ങളുടെ വിളയാട്ടമെന്ന് ആരോപണം .. പ്രദേശത്ത് സ്ഫോടക വസ്തു കടിച്ച്  കാട്ടുപന്നികൾ തല  തകർന്നു ചാവുന്നത്  ഇപ്പോൾ പതിവാണ്..


ജൂൺ ആദ്യവാരം  മുണ്ടത്തിക്കോടും,  കഴിഞ്ഞ ദിവസം വാഴക്കോട് പ്രദേശത്തുമാണ്‌  സ്ഫോടക വസ്തു കടിച്ച് തല തകർന്ന് കാട്ടുപന്നികൾ ചത്തത്. ജനവാസ മേഖലയോട് ചേർന്നാണ് ഇത്തരത്തിൽ  പന്നികൾ ചാവുന്നത്.. അതുകൊണ്ടുതന്നെ സംഭവത്തെ പ്രദേശവാസികൾ ഭീതിയോടെയാണ് നോക്കിക്കാണുന്നത്..

കാട്ടുപന്നികൾ  പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ടെങ്കിലും അവയെ നശിപ്പിക്കാൻ  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട്.  എന്നാൽ പന്നി ശല്യത്തിന് മറവിൽ  സ്ഫോടക വസ്തുക്കൾ   വെച്ച് കാട്ടുപന്നികളെ കൊല്ലുന്നതിനു പിന്നിൽ അനധികൃത മാംസ കച്ചവടക്കാരാണെന്നാണ്  ആരോപണം. സ്ഫോടക വസ്തുക്കൾ  ഉപയോഗിച്ചുള്ള മൃഗ വേട്ട തുടർക്കയോയതോടെ വനം വകുപ്പ് പൊലീസിൽ പരാതിയും നൽകി.  ഇതോടെ ബോബ് സ്ക്വാഡ് ഉൾപ്പെടെ വാഴക്കോട് മേഖലയിലെത്തി പരിശോധനയും നടത്തിയിരുന്നു. കഴിഞ്ഞവർഷം  പന്നിക്കുവെച്ച വൈദ്യുത കെണിയിൽ തട്ടി കാട്ടാന ചരിഞ്ഞതും ഇതേ  മേഖലയിലാണ് . കാട്ടുപന്നികളെ സർക്കാർ ഇടപെട്ട് നിയന്ത്രിക്കണമെന്നും,  മൃഗവേട്ടക്കാരെ പിടികൂടണമെന്നുമാണ്  നാട്ടുകാരുടെ ആവശ്യം.