തീരാ ദുരിതമായി എങ്കക്കാട് റെയിൽവേ ഗേറ്റ്
വാഴാനി, മച്ചാട് മേഖലകളിലേക്കു പോകുന്നവർക്ക് എങ്കക്കാട്, മാരാത്തുകുന്ന് റെയിൽവേ ഗേറ്റുകളിൽ ഒരുപാട് സമയം കുരുങ്ങുന്ന അവസ്ഥയാണ്.
സാധാരണ ദിവസങ്ങളിൽ നൂറിൽപ്പരം പാസഞ്ചർ വണ്ടികളും അത്ര തന്നെ ചരക്കുവണ്ടികളും കടന്നുപോകുന്ന ഈ റോഡുകളിൽ 18 മണിക്കൂറിലധികമാണ് റെയിൽവേ ഗേറ്റ് അടഞ്ഞുകിടക്കുന്നത്.
വടക്കാഞ്ചേരി നഗരത്തിൽനിന്ന് വാഴാനി റോഡിൽ എങ്കക്കാട്ടും മാരാത്തുകുന്നിലും രണ്ട് റെയിൽവേ ഗേറ്റുകളാണുള്ളത്.
ഗേറ്റ് അടച്ചാൽ ഇരു ഭാഗത്തും വാഹനങ്ങളുടെ നീണ്ട നിരയാണ്.
രണ്ടും മൂന്നും വണ്ടികൾ പോയതിനുശേഷം പത്ത് മിനിറ്റോളം സമയത്തിനു ശേഷമാണ് അടച്ച ഗേറ്റ് ഒന്നു തുറക്കുക.
തുറന്നാൽ മുഴുവൻ വണ്ടികളും ഗേറ്റ് കടക്കുന്നതിനു മുൻപേ അടുത്ത ട്രെയിനുകൾക്കായി വീണ്ടും അടയ്ക്കാനുള്ള നീക്കത്തിനിടയിൽ പാളത്തിൽക്കിടന്നാണ് പിന്നെ വാഹനങ്ങളുടെ പോര്.
വന്ദേഭാരത് ഷൊർണൂരും മുളങ്കുന്നത്തുകാവും വിട്ടാൽ എങ്കക്കാടും മാരാത്ത് കുന്നത്തുമുള്ള രണ്ട് ഗേറ്റുകളും അടച്ചിടും.
വാഴാനി വിനോദസഞ്ചാരകേന്ദ്രത്തിലേക്കുള്ളവരും മച്ചാട് പ്രദേശങ്ങളിലേക്കുള്ളവരുമാണ് ദുരിതം കൂടുതലായി അനുഭവിക്കുന്നത്.
എങ്കക്കാട്, മാരാത്തുകുന്ന് നിവാസികൾ മിക്കപ്പോഴും സ്വകാര്യവാഹനങ്ങളെടുത്ത് ചെറിയ റോഡുകളെ ആശ്രയിക്കുകയാണ്.
റെയിൽവേ ഗേറ്റുകൾ ഒഴിവാക്കി രണ്ടിനും മധ്യേ മേൽപ്പാലം നിർമിക്കുന്നതിനായി ഒന്നര പതിറ്റാണ്ടു മുൻപേ ചില നടപടികൾക്ക് തുടക്കംകുറിച്ചിരുന്നെങ്കിലും തുടർപ്രവർത്തനങ്ങളുണ്ടായില്ല.
ഇതിനിടയിൽ നഗരത്തെ ഒഴിവാക്കിയുള്ള ബൈപാസ് ബജറ്റിൽ ഉൾപ്പെട്ടെങ്കിലും ഇതിന്റെ അലൈൻമെന്റ് നിർണയത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
മാരാത്തുകുന്ന് റെയിൽവേ ഗേറ്റിനു സമീപം ഇടുങ്ങിയ റോഡിൽ രണ്ടുവീതം ഗർഡറുകൾ സ്ഥാപിച്ചത് മിക്കപ്പോഴും ഗേറ്റ് തുറന്നാൽ ഗതാഗതക്കുരുക്കിനും വഴിയൊരുക്കുന്നു.
രോഗികളുമായി വരുന്ന ആംബുലൻസും ഗേറ്റിൽക്കുരുങ്ങിക്കിടക്കുക സാധാരണയാണ്.
ഏറെനേരം അടച്ചിടുന്നതിനാൽ ആംബുലൻസിന് ബൈക്കുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ മറികടന്നുപോകുക അസാധ്യമാണ്.
അടുത്ത കാലത്തായി ഏതാനും ജീവനുകളും ഇവിടെ പൊലിഞ്ഞു.
എങ്കക്കാട് നിവാസികളായ സാമൂഹികപ്രവർത്തകരുടെ നേതൃത്വത്തിൽ ലോക്സഭാതിരഞ്ഞെടുപ്പിന് മുൻപായി പ്രദേശത്തെ മുഴുവൻ സ്ഥാനാർഥികൾക്കും സിറ്റിങ് MP , MLA തുടങ്ങിയവർക്കും നിവേദനങ്ങൾ നൽകിയിരുന്നു.
തുടർ ദിവസങ്ങളിൽ MP രാധാകൃഷ്ണനും MLA സേവ്യർ ചിറ്റിലപ്പിള്ളിയും വേണ്ട ഇടപെടലുകൾ നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രദേശവാസികൾ