പറപ്പൂർ കിഴക്കേ അങ്ങാടിയിൽ അങ്കണവാടിക്ക് തറക്കല്ലിട്ടു
തോളൂർ ഗ്രാമപഞ്ചായത്തിൽ ആറാം വാർഡിൽ പറപ്പൂർ കിഴക്കേ അങ്ങാടിയിൽ നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിർവഹിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ജി ചാന്ദിനി റിപ്പോർട്ട് അവതരിപ്പിച്ചു. വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന 50 നമ്പർ അങ്കണവാടിക്കാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം ഒരുങ്ങുന്നത്. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്. 596 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിൽ വരാന്ത, ക്ലാസ്സ് റൂം, ഓഫീസ് റൂം, ഡൈനിങ് റൂം, കിച്ചൺ, സ്റ്റോർ റൂം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ടോയ്‌ലെറ്റുകൾ, വാഷ് റൂം എന്നിവ ഉൾപ്പെടും.
തോളൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജേക്കബ് പൊറത്തൂർ സൗജന്യമായി നൽകിയ മൂന്ന് സെന്റ് സ്ഥലത്താണ് കെട്ടിടം ഒരുങ്ങുന്നത്.
ചടങ്ങിൽ തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ രഘുനാഥൻ അധ്യക്ഷനായി. വാർഡ് മെമ്പർമാരായ ലില്ലി ജോസ്, ഷീന ഷാജൻ, സുധ ചന്ദ്രൻ, ഷൈലജ ബാബു, വി പി അരവിന്ദാക്ഷൻ, സഹകരണ ബാങ്ക് പ്രസിഡന്റ് എ കെ സുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.