മുണ്ടൂർ - പുറ്റേക്കരയിൽ റോഡ് നാലുവരിയാക്കും

 ❗❗മുണ്ടൂർ - പുറ്റേക്കരയിൽ റോഡ് നാലുവരിയാക്കും; സ്ഥലം ഏറ്റെടുത്ത് റോഡ് വികസിപ്പിക്കാൻ 96.47 കോടി രൂപയുടെ ഭരണാനുമതി. ❗❗


തൃശ്ശൂർ - കുറ്റിപ്പുറം (സംസ്ഥാന പാത 69) റോഡിൽ മുണ്ടൂർ മുതൽ പുറ്റേക്കര വരെ നാലുവരിപ്പാതയാക്കി റോഡ് വികസനം യാഥാർത്ഥ്യമാകുന്നു. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നാലുവരിപ്പാതയായി റോഡ് വികസനം നടത്താൻ 96.47 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി.  സംസ്ഥാന പാത 69 ൽ 1.8 കിലോമീറ്റർ വരുന്ന മുണ്ടൂർ - പുറ്റേക്കര ഭാഗം റോഡിന് വീതി കുറവായതിനാൽ കുപ്പിക്കഴുത്ത് ആവുകയും, യാത്രാദുരിതത്തിനും ഒട്ടനവധി അപകടങ്ങൾക്ക് കാരണമാവുകയുമാണ്. ഇതിന് പരിഹാരമായി ഈ ഭാഗം കൂടി നാലുവരിയാക്കി റോഡ് വികസനം സാധ്യമാക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.


2021 ആഗസ്റ്റ് 13 ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ നിയമസഭയിൽ ഈ പ്രശ്നം സബ്മിഷനായി ഉന്നയിക്കുകയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് അനുകൂല മറുപടി നൽകുകയും ചെയ്തു. 24 മണിക്കൂറിനകം ആഗസ്റ്റ് 14 ന് സ്ഥലം സന്ദർശിച്ച മന്ത്രി വിഷയം പരിഹരിക്കുമെന്ന ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുരോഗമിച്ച നടപടികൾ ഫലം കാണുകയാണ്. ആവശ്യമായ സ്ഥലം ഏറ്റെടുത്ത് റോഡ് നാലുവരിയാക്കി വീതി കൂട്ടുന്നതിനായി പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് സമർപ്പിച്ചു. തൊണ്ണൂറ്റിയാറ് കോടി നാൽപ്പത്തിയേഴ് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി തൊള്ളായരത്തി  നാൽപ്പത്തിയേഴ് (96,47,47,947/-) രൂപയുടെ ഭരണാനുമതി ഇതിനായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി. സ്ഥലം ഏറ്റെടുപ്പിനായി മാത്രം 56.99 കോടി രൂപയാണ് അനുവദിച്ചത്.


തൃശ്ശൂർ - കുറ്റിപ്പുറം റോഡ് നാലുവരിയാക്കി വികസിപ്പിക്കൽ പദ്ധതിയുടെ ഭരണാനുമതി പുതുക്കിക്കൊണ്ടാണ് ഇപ്പോൾ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾ, കെ എസ് ഇ ബി എന്നിവയുടെ യൂട്ടിലിറ്റി ഷിഫ്റ്റിങിനായി 60.37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.


ഭരണാനുമതി ലഭ്യമായ സാഹചര്യത്തിൽ സാമൂഹ്യ ആഘാത പഠനത്തിനും, സ്ഥലം ഏറ്റെടുപ്പിനുമുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ അറിയിച്ചു. മുണ്ടൂർ - പുറ്റേക്കര നാലുവരിപ്പാത റോഡ് വികസനമെന്നത് ഈ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ്. തൃശ്ശൂർ ജില്ലയുടെയും വടക്കാഞ്ചേരി മണ്ഡലത്തിന്റെയും വികസന ചർച്ചയിൽ ശക്തമായി ഉന്നയിക്കപ്പെടുന്ന  വിഷയത്തിനാണ് പരിഹാരമാകുന്നത്. ഏറ്റവും പ്രധാന വാഗ്ദാനം നിറവേറപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും എം എൽ എ അറിയിച്ചു. അമല നഗറിൽ സമാന്തര മേൽപ്പാലം 2023 - 24 സംസ്ഥാന ബജറ്റിൽ കിഫ്ബി മുഖേന ഏറ്റെടുപ്പിക്കാൻ കഴിഞ്ഞതും, മുണ്ടൂർ - പുറ്റേക്കര ഭാഗത്തെ കുപ്പിക്കഴുത്ത് പരിഹരിക്കാൻ ഇപ്പോൾ തുക അനുവദിച്ചതും കേരളത്തിലെ തെക്കൻ ജില്ലകളെ വടക്കൻ ജില്ലകളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായ എസ് എച്ച് 69 ലെ ഗതാഗതം സുഗമവും അപകടരഹിതവുമാക്കി തീർക്കും. നാടിന്റെ വികസന ചരിത്രത്തിൽ പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പായി മാറുന്ന ഈ പദ്ധതി പ്രാരംഭ നടപടികൾ പൂർത്തീകരിച്ച് വിജയത്തിലേക്കെത്തിക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.